രാജ്യം കാത്തിരുന്ന നിർണ്ണായകമായ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രവചനാതീതമായ ഫലസൂചനകളാണ് പുറത്തുവരുന്നത്. പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.
ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ബംഗാളിൽ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. നിലവിൽ ബി.ജെ.പി 101 സീറ്റുകളിലും തൃണമൂൽ 100 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഭവാനിപൂർ മണ്ഡലത്തിൽ മമത ബാനർജി പിന്നിലാണ്. ഇവിടെയും നന്ദിഗ്രാമിലും മത്സരിക്കുന്ന ബി.ജെ.പി നേതാവ് സുവേന്ദു അധികാരി ലീഡ് ചെയ്യുന്നുണ്ട്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ഡി.എം.കെയെ ഞെട്ടിച്ചുകൊണ്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പിന്നിലായതായി റിപ്പോർട്ട്. തന്റെ ഉറച്ച കോട്ടയായ കൊളത്തൂർ മണ്ഡലത്തിൽ നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) സ്ഥാനാർത്ഥിക്ക് പിന്നിലായാണ് സ്റ്റാലിൻ നിലവിൽ തുടരുന്നത്.
ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ഇടത് മുന്നണിയെ ഞെട്ടിച്ചുകൊണ്ട് യു.ഡി.എഫ് മികച്ച മുന്നേറ്റം നടത്തുകയാണ്. നിലവിൽ യു.ഡി.എഫ് 29 സീറ്റുകളിൽ മുന്നിലാണ്. ഭരണകക്ഷിയായ എൽ.ഡി.എഫ് 10 സീറ്റുകളിലും, കടുത്ത വെല്ലുവിളിയുമായി ബി.ജെ.പി 9 സീറ്റുകളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ ബി.ജെ.പി വൻ മുന്നേറ്റമാണ് നടത്തുന്നത്. ബി.ജെ.പി 56 സീറ്റുകളിലും കോൺഗ്രസ് 12 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ജൽക്ബാരി മണ്ഡലത്തിൽ ശർമ ബഹുദൂരം മുന്നിലാണ്. പുതുച്ചേരിയിൽ എൻ.ഡി.എ സഖ്യം മൂന്ന് സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് തുടക്കം കുറിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും ഇന്ന് പുറത്തുവരും. കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിലെ ഫലങ്ങളും രാജ്യം ഉറ്റുനോക്കുന്നു. നിലവിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ മാത്രമാണ് പിന്നിട്ടിരിക്കുന്നത് എന്നതിനാൽ, പോസ്റ്റൽ ബാലറ്റുകൾക്ക് ശേഷം വോട്ടിങ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങുന്നതോടെ ഫലസൂചനകളിൽ ഇനിയും മാറ്റങ്ങൾ വരാം. മമത ബാനർജിക്ക് നാലാം ഊഴം ലഭിക്കുമോ, വിജയ് തമിഴ്‌നാട്ടിൽ മൂന്നാം ശക്തിയാകുമോ, കേരളത്തിൽ ഇടതുപക്ഷം അധികാരം നിലനിർത്തുമോ എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഉച്ചയോടെ വ്യക്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.