ബി.ജെ.പി-സേന തർക്കം മുറുകുന്നതിനിടെ ഷിൻഡെ വിഭാഗം എം.എൽ.എമാരുടെ സുരക്ഷ പിൻവലിച്ച് ഫഡ്നാവിസ്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ ശിവസേന എം.എൽ.എമാരുടെ അധിക സുരക്ഷ പിൻവലിച്ച് ആഭ്യന്തര വകുപ്പ്. മന്ത്രിമാരല്ലാത്ത 20 എം.എൽ.എമാരുടെ സുരക്ഷയാണ് വൈ-പ്ലസ് കാറ്റഗറിയിൽ നിന്നും പിൻവലിക്കുന്നത്. ഇനി മുതൽ ഇവരുടെ സുരക്ഷക്കായി ഒരു കോൺസ്റ്റബിൾ മാത്രമേ ഉണ്ടാവു. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ നിർദേശപ്രകാരമാണ് തീരുമാനം.

ചില ബി.ജെ.പി, അജിത് പവാർ എം.എൽ.എമാരുടെ സുരക്ഷയും പിൻവലിച്ചിട്ടുണ്ടെങ്കിലും ഏറ്റവും വലിയ നഷ്ടമുണ്ടായത് ശിവസേന എം.എൽ.എമാർക്കാണ്. ദേവേന്ദ്ര ഫഡ്നാവിസ് യോഗം വിളിച്ചതിന് പിന്നാലെ വ്യവസായ വകുപ്പിന്റെ പ്രവർത്തനം വിലയിരുത്താൻ ഏക്നാഥ് ഷിൻഡെയും യോഗം നടത്തിയത് ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നതയായാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്.

നേരത്തെ മുഖ്യമന്ത്രിയുടെ ചികിത്സധനസഹായ നിധിക്ക് പുറമേ ചികിത്സ സഹായത്തിനായി ഉപമുഖ്യമന്ത്രിയും ഇത്തരത്തിൽ ഒരു ഫണ്ട് തുടങ്ങിയത് വിവാദമായിരുന്നു. എന്നാൽ, അത്തരത്തിലൊരു ഫണ്ട് തുടങ്ങിയത് വിവാദ​മാക്കേണ്ട കാര്യമില്ലെന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രതികരണം. എന്നാൽ, രണ്ട് ചികിത്സ ധനസഹായനിധികളെ കുറിച്ച് അദ്ദേഹം കൂടുതൽ പ്രതികരണത്തിന് മുതിർന്നിരുന്നില്ല.

മെട്രോപൊളിറ്റൻ റീജണിയൽ ഡെവലപ്മെന്റ് അതോറിറ്റിയുടെ യോഗം ഫഡ്നാവിസ് വിളിച്ചിരുന്നു. 2027ൽ നാസികിൽ നടക്കുന്ന കുംഭമേളയെ കുറിച്ച് ചർച്ച​ ചെയ്യാനായിരുന്നു യോഗം. എന്നാൽ, മഹാരാഷ്ട്ര ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയിൽ നിന്ന് ഷിൻഡെയെ ഒഴിവാക്കിയിരുന്നു. എം.സി.ആർ.ടിയുടെ ചെയർപേഴ്സണെ നിയമിക്കുന്നതിലും ഷിൻഡെക്ക് ഫഡ്നാവിസ് റോൾ നൽകിയില്ല.

Tags:    
News Summary - Security of over 20 Shinde MLAs cut as BJP-Sena tussle intensifies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.