ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം; ഏഴ് ജയ്ശെ മുഹമ്മദ് ഭീകരരെ വധിച്ച് സുരക്ഷാസേന

ശ്രീനഗർ: ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ജയ്ശെ മുഹമ്മദ് ഭീകരരെ അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) വധിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നതെന്ന് ജമ്മുവിലെ ബി.എസ്.എഫ് യൂണിറ്റ് എക്സ് ഹാൻഡിലിൽ കുറിച്ചു. വ്യാഴാഴ്ച രാത്രി പാകിസ്താൻ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരെ വ്യാപക ആക്രമണം നടത്തിയിരുന്നു. ഇതിനിടെയായിരുന്നു ഭീകരർ രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ചത്.

ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ സൈനിക പോസ്റ്റുകളും വിവിധ നഗരങ്ങളും ലക്ഷ്യമാക്കിയുള്ള പാകിസ്താന്റെ മിസൈൽ ആക്രമണത്തെ ഇന്ത്യ ഫലപ്രദമായി ചെറുത്തു. ജമ്മു, പത്താൻകോട്ട്, ഉദ്ധംപുർ എന്നിവിടങ്ങളിലെ സൈനിക പോസ്റ്റുകളാണ് കഴിഞ്ഞ രാത്രി പാകിസ്താൻ പ്രധാനമായും ലക്ഷ്യമിട്ടത്. എന്നാൽ ഷെല്ലാക്രമണത്തിൽ സാധാരണക്കാർ ഇന്നും കൊല്ലപ്പെട്ടു. ഇതിനു പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്നു രാവിലെ സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി.

നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാക് പ്രകോപനം ശക്തമാകുന്ന ഘട്ടത്തിൽ കനത്ത തിരിച്ചടി നൽകാൻ ഇന്ത്യ സജ്ജമാണെന്ന മുന്നറിയിപ്പും പ്രതിരോധ വൃത്തങ്ങൾ നൽകിയിരുന്നു. അതിർത്തി മേഖലകളിൽ ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പും ബ്ലാക്ക്ഔട്ട് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ശ്രീനഗറിനും ജമ്മുവിനും പുറമെ, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ അതിർത്തി മോഖലകളിലുമാണ് ബ്ലാക്ക്ഔട്ട് ഏർപ്പെടുത്തിയിരിക്കുന്നത്.

Tags:    
News Summary - Security forces kill 7 suspected Jaish terrorists in J&K's Samba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.