ഷി ജിൻപിങ്

ആകാശത്ത് 'നോ ഫ്ലൈ സോൺ', അടുക്കളയിലും ചൈനീസ് കാവൽ; ഷി ജിൻപിങ്ങിനായി ഒരുക്കിയത് അസാധാരണ സുരക്ഷാ കോട്ട

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തലസ്ഥാനത്ത് എത്തുമ്പോൾ, സമീപകാലത്ത് ഒരു വിദേശ രാഷ്ട്രത്തലവനും ലഭിക്കാത്ത വിധത്തിലുള്ള അസാധാരണ സുരക്ഷാ വലയത്തിലാണ് ഡൽഹി നഗരം. 24 മണിക്കൂർ മാത്രം നീളുന്ന ഹ്രസ്വ സന്ദർശനമാണെങ്കിലും, അതീവ രഹസ്യവും ബഹുമുഖവുമായ സുരക്ഷാ പദ്ധതികളാണ് ഡൽഹി പൊലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ചേർന്ന് ആവിഷ്കരിച്ചിരിക്കുന്നത്.

രാസ, ജൈവ, റേഡിയോആക്ടീവ്, ആണവ (സി.ബി.ആർ.എൻ) ഭീഷണികൾ മുൻകൂട്ടി ചെറുക്കുന്നതിനുള്ള കർശന പ്രോട്ടോക്കോളുകളാണ് ഷി ജിൻപിങ് താമസിക്കുന്ന ആഡംബര ഹോട്ടലിൽ നടപ്പിലാക്കിയിരിക്കുന്നത്. ഹോട്ടലിന്റെ എല്ലാ നിലകളും മുറികളും മാത്രമല്ല, പരിസരത്തെ ഭൂഗർഭ ഡ്രെയിനേജ്-പൈപ്പ്‌ലൈൻ ശൃംഖലകൾ വരെ പ്രത്യേക സുരക്ഷാ സംഘങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി. പ്രസിഡന്റ് തങ്ങുന്ന മേഖലയ്ക്ക് മുകളിൽ താൽക്കാലിക 'നോ-ഫ്ലൈ സോൺ' പ്രഖ്യാപിച്ചിട്ടുണ്ട്. മൈക്രോ യു.എ.വികൾ, ഡ്രോണുകൾ, ബലൂണുകൾ, മെഗാഫോണുകൾ എന്നിവ ഉപയോഗിച്ച് ടിബറ്റൻ ആക്ടിവിസ്റ്റുകളോ മറ്റ് പ്രതിഷേധക്കാരോ ചൈനാ വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നത് തടയാൻ ആന്റി-ഡ്രോൺ പ്രതിരോധ സംവിധാനങ്ങളും കൺട്രോൾ റൂമുകളും മുഴുവൻ സമയവും പ്രവർത്തിക്കുന്നു.

സുരക്ഷയുടെ ഭാഗമായി ചൈനീസ് പ്രസിഡന്റിന്റെ ഔദ്യോഗിക ബുള്ളറ്റ് പ്രൂഫ് ലിമോസിനായ 'ഹോങ്ചി', ഒരു ബാക്കപ്പ് വാഹനം, പ്രത്യേക വാർത്താവിനിമയ ഉപകരണങ്ങൾ എന്നിവ പത്ത് ദിവസം മുൻപ് തന്നെ ചൈന പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് പിസ്റ്റളുകൾ കൊണ്ടുനടക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും, ആന്റി ഡ്രോൺ ഉപകരണങ്ങൾ, സബ്-മെഷീൻ ഗണ്ണുകൾ എന്നിവ കൊണ്ടുവരുന്നതിന് വ്യോമയാന-കസ്റ്റംസ് ചട്ടങ്ങൾ പ്രകാരം ഇന്ത്യ കർശന നിയന്ത്രണം ഏർപ്പെടുത്തി. കൂടാതെ, പ്രസിഡന്റിന്റെ ഭക്ഷണത്തിൽ എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ വീഴ്ചയോ വിഷാംശമോ ഉണ്ടാകുന്നത് ഒഴിവാക്കാനും ഭക്ഷണ മുൻഗണനകൾ പാലിക്കാനും ഹോട്ടലിന്റെ പാചകപ്പുരയിലേക്ക് ചൈനീസ് സംഘത്തിലെ പ്രത്യേക ജീവനക്കാർക്ക് പ്രവേശനം നൽകണമെന്ന ആവശ്യവും അധികൃതർ അംഗീകരിച്ചിട്ടുണ്ട്. റോഡ് മാർഗമുള്ള യാത്രകളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഷി ജിൻപിങ്ങിന്റെ വാഹനവ്യൂഹത്തിന് സമാന്തരമായി ഗ്രീൻ കോറിഡോറും തലസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്.

Tags:    
News Summary - Guarding Xi: Inside the Massive Security Deployment for Chinese President in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.