പി.എയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോൺഗ്രസ് പാർട്ടി പദവികൾ രാജിവെച്ച് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്
ഡെറാഡൂൺ: പേഴ്സണൽ അസിസ്റ്റിന്‍റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് പ്രധാന പാർട്ടി പദവികളിൽ നിന്നും രാജിവെച്ചു. 2016-ലെ ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ കമ്മീഷൻ (UKSSSC) ഗ്രാമപഞ്ചായത്ത് വികാസ് അധികാരി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇ.ഡി റാവത്തിന്റെ പി.എ ചന്ദൻ സിംഗ് ജീനയുടെ വീട്ടിൽ പരിശോധന നടത്തിയത്. റെയ്ഡിൽ കണക്കിൽപ്പെടാത്ത 32 ലക്ഷം രൂപയും, 200.5 ഗ്രാം സ്വർണാഭരണങ്ങളും, 12 ആഡംബര വാച്ചുകളും പിടിച്ചെടുക്കുകയും 52.16 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പി.എ അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ, അഴിമതിക്കെതിരെ പാർട്ടി നടത്തുന്ന പോരാട്ടങ്ങൾക്ക് തന്റെ പേര് ഒരു തടസ്സമാകരുത് എന്ന് ചൂണ്ടിക്കാട്ടിയാണ് റാവത്ത് സ്ഥാനമൊഴിഞ്ഞത്. ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ (CWC) സ്ഥിര ക്ഷണിതാവ് എന്നീ ചുമതലകളാണ് അദ്ദേഹം ഒഴിഞ്ഞത്. ആരോപണങ്ങൾ വിശ്വസിക്കാൻ പ്രയാസമാണെന്നും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നീക്കമാണിതെന്നും റാവത്ത് പ്രതികരിച്ചു. ഒ.എം.ആർ ഷീറ്റ് തിരിമറിയിൽ പി.എ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ തനിക്ക് അതീവ ലജ്ജ തോന്നുമായിരിക്കും, എങ്കിലും അഴിമതിക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും പോരാട്ടത്തിന് തിരിച്ചടിയാകാതിരിക്കാനാണ് താൻ പദവികളിൽ നിന്ന് സ്വയം പിന്മാറുന്നതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.