ബ്രിക്സ് ഉച്ചകോടി; ആറ് വർഷത്തെ ഇടവേളക്ക് ശേഷം ഡൽഹി-ഗ്വാങ്ചൗ വിമാന സർവീസ് പുനരാരംഭിക്കാൻ ചൈന

ന്യൂഡൽഹി: ഡൽഹിക്കും ചൈനയിലെ ഗ്വാങ്ചൗവിനും ഇടയിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ആറ് വർഷത്തെ ഇടവേളക്ക് ശേഷം പുനരാരംഭിക്കുന്നു. ചൈന സതേൺ എയർലൈൻസാണ് ഈ റൂട്ടിലെ സർവീസുകൾ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തുന്നതിന് തൊട്ടുമുമ്പാണ് ഈ സുപ്രധാന പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.

സെപ്റ്റംബർ 21 മുതൽ ഗ്വാങ്ചൗ-ന്യൂഡൽഹി റൂട്ടിൽ പതിവ് യാത്രാ സർവീസുകൾ പുനരാരംഭിക്കുമെന്ന് ശനിയാഴ്ച എയർലൈൻ അധികൃതർ വ്യക്തമാക്കിയതായി 'ഗ്ലോബൽ ടൈംസ്' റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ തലസ്ഥാനത്തേക്കുള്ള സർവീസ് പുനരാരംഭിക്കുന്നതോടെ, ദക്ഷിണേഷ്യയിലെ തങ്ങളുടെ എട്ട് റൗണ്ട്-ട്രിപ്പ് റൂട്ടുകളിലായി പ്രതിവാരം 100-ലധികം സർവീസുകൾ നടത്താൻ എയർലൈനാവുമെന്നും അധികൃതർ അറിയിച്ചു.

2020ൽ നിർത്തിവെച്ച ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യോമഗതാഗതം ഈ വർഷം മുതൽ ഘട്ടം ഘട്ടമായി പുനഃസ്ഥാപിച്ചുവരികയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും, തുടർന്ന് ദോക്ലാം, ഗൽവാൻ സംഘർഷങ്ങളെത്തുടർന്നുള്ള അതിർത്തി തർക്കങ്ങളുമാണ് അക്കാലത്ത് സർവീസുകൾ നിർത്തിവെക്കാൻ കാരണമായത്.

സുദീർഘമായ ഇടവേളക്ക് ശേഷം ഫെബ്രുവരിയിൽ എയർ ഇന്ത്യ ഡൽഹിയിൽ നിന്നുള്ള ചൈനീസ് സർവീസുകൾ പുനരാരംഭിച്ചിരുന്നു. ഇതിന് പുറമെ മാർച്ച് 30-ന് ഇൻഡിഗോ കൊൽക്കത്തയിൽ നിന്ന് ഷാങ്ഹായിലേക്കുള്ള പ്രതിദിന നോൺ-സ്റ്റോപ്പ് സർവീസും ആരംഭിച്ചു. തുടർന്ന് ഏപ്രിലിൽ എയർ ചൈന ബീജിങ്-ഡൽഹി സർവീസും, ചൈന ഈസ്റ്റേൺ എയർലൈൻസ് കുൻമിങ്-കൊൽക്കത്ത നേരിട്ടുള്ള സർവീസും പുനരാരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ചൈനീസ് ഭാഗത്തുനിന്നും ഗ്വാങ്ചൗ-ഡൽഹി റൂട്ടിലെ സർവീസുകൾ വീണ്ടും സജീവമാകുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് 18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തിയത്. ഉച്ചകോടിയുടെ ഭാഗമായി ഇരു നേതാക്കളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയും നടക്കും. 2019ന് ശേഷം ഷീ ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നത് ഇതാദ്യമായാണ്.

2020ലെ ഗൽവാൻ അതിർത്തി സംഘർഷങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണിരുന്നെങ്കിലും, കഴിഞ്ഞ രണ്ട് വർഷങ്ങളിലും മോദിയും ഷീ ജിൻപിങ്ങും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പൊളിറ്റിക്കൽ ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും സെൻട്രൽ കമ്മിറ്റി ജനറൽ ഓഫീസ് ഡയറക്ടറുമായ കായ് ക്വി, വിദേശകാര്യ മന്ത്രി വാങ് യീ എന്നിവരും ഷി ജിൻപിങ്ങിനൊപ്പം ഉന്നതതല സംഘത്തിലുണ്ട്.

Tags:    
News Summary - China to resume Delhi-Guangzhou direct flight after 6 years as Modi, Xi meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.