വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ എ.ബി. ഇബ്രാഹിമിന് എസ്.ഐ.ആർ നോട്ടീസ്

മംഗളൂരു: ദക്ഷിണ കന്നട ജില്ല മുൻ ഡെപ്യൂട്ടി കമീഷണറും കർണാടക ഗവ. സെക്രട്ടറി പദവിയിൽ നിന്ന് വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എ.ബി. ഇബ്രാഹിമിന് വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) പ്രകാരം തെരഞ്ഞെടുപ്പ് കമീഷനിൽ നിന്ന് നോട്ടീസ് ലഭിച്ചു. കാസർക്കോട് അഡൂർ സ്വദേശിയായ ഇബ്രാഹിം ആറ് വർഷമായി മൈസൂരുവിലാണ് താമസം.

വോട്ടർ പട്ടികയിൽ തന്റെ പേരിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. തിരുത്താൻ അനുബന്ധ രേഖകളുമായി ഈ മാസം 29ന് രാവിലെ ഒമ്പതിനും ഉച്ച 12 നും ഇടയിൽ മൈസൂരു സെന്റ് ഫിലോമിന കോളജിൽ ഹാജരാകാനാണ് നോട്ടീസിലെ നിർദേശം.

മൈസൂരിലെ നരസിംഹരാജപുര നിയമസഭാ മണ്ഡലത്തിലെ വോട്ടറാണ് ഇബ്രാഹിം. 2003 - 2006ൽ മൈസൂർ കോർപറേഷൻ കമീഷണർ എന്ന നിലയിൽ മൈസൂർ നഗരത്തിന്റെ മുഴുവൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 2013 - 2016ൽ ദക്ഷിണ കന്നട ജില്ല കലക്ടർ എന്ന നിലയിൽ ജില്ല തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതലകൾ വഹിച്ചു .

തനിക്ക് ഈ രീതിയിൽ ഒരു നോട്ടീസ് ലഭിച്ചതിലെ അതൃപ്തിയോടൊപ്പം എസ്.ഐ.ആർ ദൗത്യത്തിന്റെ പേരിൽ പൗരന്മാർക്ക് നേരെ ഉയർത്തുന്ന ഭീഷണി ആശങ്കയുളവാക്കുന്നതുമാണെന്ന് ഇബ്രാഹിം മാധ്യമത്തോട് പറഞ്ഞു. തെറ്റായ വിവരങ്ങൾ നൽകിയാൽ ജയിലിൽ കിടക്കേണ്ടി വരും എന്ന മുന്നറിയിപ്പുകൾ ഉൾപ്പെടെ എസ്.ഐ.ആർ നോട്ടീസുകളിലെ ചില കർശന നിർദ്ദേശങ്ങൾ പൊതുജനങ്ങൾക്കിടയിൽ അനാവശ്യമായ ഭയം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വോട്ടർ

പട്ടികയിൽ തെറ്റായ വിവരങ്ങൾ നൽകിയതിന് വോട്ടർമാർക്ക് ശിക്ഷ നേരിടേണ്ടിവരുമെന്ന പൊതു മുന്നറിയിപ്പ് നോട്ടീസിന്റെ രണ്ടാം പേജിലുണ്ട്. 30 വർഷത്തെ പൊതുസേവനത്തിനിടയിൽ ദക്ഷിണ കന്നട ജില്ല കലക്ടർ, മൈസൂരു കോർപറേഷൻ കമീഷണർ, വിവിധ വകുപ്പുകളുടെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച തനിക്ക് ഈ രീതിയിൽ ഒരു നോട്ടീസ് ലഭിച്ചത് ഭരണ സംവിധാനത്തിന്റെ സാങ്കേതിക വൈരുധ്യമാണ് സൂചിപ്പിക്കുന്നത്. മുൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പോലും ഇത്തരം നോട്ടീസുകൾ നൽകിയാൽ സാധാരണ പൗരന്മാർ എന്തെല്ലാം നേരിടേണ്ടിവരുമെന്ന് അദ്ദേഹം ആരാഞ്ഞു.

Tags:    
News Summary - Retired IAS Officer AB Ibrahim Receives SIR Notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.