സെൻറിനറി ഗേറ്റിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ
ജാമിയ മില്ലിയ ഗേൾസ് ഹോസ്റ്റലിൽ മെസ്സ് വിവാദം; നാല് ആവശ്യങ്ങളുമായി വിദ്യാർഥികളുടെ പ്രതിഷേധം
ന്യൂഡൽഹി: ജാമിയ മില്ലിയ ഇസ്‌ലാമിയ്യ സർവകലാശാലയിലെ ജമ്മു കശ്മീർ ഗേൾസ് ഹോസ്റ്റലിലെ മെസ്സ് സംവിധാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നടപടിയാവശ്യപ്പെട്ട് വിദ്യാർഥികളുടെ പ്രതിഷേധം. മെസ്സിലെ ക്രമക്കേടുകൾക്കെതിരെ നേരത്തെയും പ്രതിഷേധമുണ്ടായിരുന്നെന്നും അന്ന് സർവകലാശാല ഭരണകൂടം നൽകിയ ഉറപ്പുകൾ നടപ്പാക്കിയില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു. സെപ്റ്റംബർ 11നാണ് വിദ്യാർഥികൾ വീണ്ടും പ്രതിഷേധം ആരംഭിച്ചത്.
നിലവിലെ ഭക്ഷണ വിതരണ കരാർ റദ്ദാക്കുക, ഹോസ്റ്റൽ മെസ്സിൽ വനിതാ ജീവനക്കാരെ നിയോഗിക്കുക, പ്രൊവോസ്റ്റും വാർഡനും രാജിവെക്കുക, പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരെ പ്രതികാര നടപടികളോ ഭരണപരമായ ഇടപെടലുകളോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങൾ.
വെള്ളിയാഴ്ച രാവിലെ പ്രഭാതഭക്ഷണം ലഭിച്ചില്ലെന്നും ഉച്ചഭക്ഷണം വൈകി മൂന്നുമണിക്ക് ശേഷമാണ് നൽകിയതെന്നും വിദ്യാർഥികൾ ആരോപിച്ചു. ഭക്ഷണം വിതരണം ചെയ്യുന്ന സമയത്ത് മെസ്സിൽ പുരുഷ ജീവനക്കാർ ഉണ്ടായിരുന്നെന്നും ഭക്ഷണം വാങ്ങുന്നതിനായി വിദ്യാർഥികളോട് പേരും മൊബൈൽ നമ്പറും നൽകാൻ ആവശ്യപ്പെട്ടെന്നും അവർ പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുത്തവരെ നിരീക്ഷിക്കാനും പിന്നീട് നടപടിയെടുക്കാനും ഈ വിവരങ്ങൾ ഉപയോഗിച്ചേക്കുമെന്ന ആശങ്കയും വിദ്യാർഥികൾ പ്രകടിപ്പിച്ചു.
നിലവിലെ ഭക്ഷണ വിതരണ കരാർ യഥാർഥത്തിൽ റദ്ദാക്കിയിട്ടില്ലെന്നും മറ്റൊരു പേരിലാണ് അതേ വ്യക്തി ഭക്ഷണം വിതരണം ചെയ്യുന്നതെന്നും വിദ്യാർഥികൾ പറഞ്ഞു. 2023 മുതൽ ഹോസ്റ്റലിലെ ഭക്ഷണ വിതരണ കരാറുകാരനായ ഇയാൾ കരാർ തുടരുന്നതിനെതിരെ നേരത്തെയും പ്രതിഷേധം നടന്നിരുന്നെന്നും വിദ്യാർഥികൾ പറഞ്ഞു.
ഭക്ഷണത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ച വിദ്യാർഥികൾക്ക് ഭീഷണിയും സമ്മർദവും നേരിടേണ്ടിവന്നതായി എ.ഐ.എസ്.എ ജാമിയ യൂനിറ്റ് സെക്രട്ടറി സൗരഭ് ആരോപിച്ചു. പ്രൊവോസ്റ്റ് നിഖത്തും വാർഡനും വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളുടെ മാതാപിതാക്കളെ ബന്ധപ്പെട്ട് അവരെ ഹോസ്റ്റലിൽനിന്ന് പുറത്താക്കുമെന്ന് പ്രൊവോസ്റ്റ് പറഞ്ഞതായും സൗരഭ് ആരോപിച്ചു.
വ്യാഴാഴ്ച രാത്രി 9.30ഓടെ വിദ്യാർഥികൾ സെൻറിനറി ഗേറ്റിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ ഡീൻ ഓഫ് സ്റ്റുഡന്റ്സ് വെൽഫെയർ, പ്രൊവോസ്റ്റ്, ഡെപ്യൂട്ടി പ്രോക്ടർ എന്നിവരടങ്ങിയ സംഘം വിദ്യാർഥികളുമായി ചർച്ച നടത്തുകയും നാല് ആവശ്യങ്ങളും ഉൾപ്പെടുത്തി കരാറിൽ ഒപ്പുവെക്കുകയും ചെയ്തു.
എന്നാൽ, ഇതിന് പിന്നാലെ രാവിലെ ഭക്ഷണം ലഭിക്കാതിരിക്കുകയും ഉച്ചഭക്ഷണം വൈകുകയും ചെയ്തതായി വിദ്യാർഥികൾ ആരോപിച്ചു. വനിതാ ജീവനക്കാരെ നിയോഗിക്കണമെന്ന ആവശ്യത്തിന് പകരം മൂന്ന് പുരുഷ ജീവനക്കാരെ മാറ്റി മറ്റ് പുരുഷ ജീവനക്കാരെയാണ് നിയമിച്ചതെന്നും അവർ ആരോപിച്ചു. സെൻറിനറി ഗേറ്റിലെ പ്രതിഷേധത്തിനിടെ പ്രോട്ടോകോൾ സംഘം ലൈറ്റുകൾ അണച്ച് പ്രതിഷേധക്കാരെ ഭയപ്പെടുത്താൻ ശ്രമിച്ചെന്നും വിദ്യാർഥികൾ ആരോപിച്ചു.
ഭരണകൂടം നൽകിയ ഉറപ്പുകൾ നടപ്പാക്കണമെന്നും നാല് ആവശ്യങ്ങളിലും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധം തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.