ന്യൂഡൽഹി: രാജ്യത്ത് നടക്കാൻ പോകുന്നത് ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ ലോക്സഭ തെരഞ്ഞെടുപ്പ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് 44 ദിവസമെടുത്താണ് പൂർത്തിയാകുക.
1951-52 ലെ ആദ്യ പാർലമെൻറ് തെരഞ്ഞെടുപ്പാണ് ഇതിന് മുമ്പ് നടന്ന ഏറ്റവും ദൈർഘ്യമേറിയത്. അന്ന് നാലു മാസത്തിലേറെ എടുത്താണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തിൽ വന്ന 1980 ലേതാണ് ഏറ്റവും ദൈർഘ്യം കുറഞ്ഞ തെരഞ്ഞെടുപ്പ്. വെറും നാലുദിവസത്തിനുള്ളിലാണ് വോട്ടെടുപ്പ് നടന്നത്.
പ്രദേശങ്ങളുടെ ഭൂമിശാസ്ത്രവും പൊതു അവധി ദിനങ്ങൾ, ഉത്സവങ്ങൾ, പരീക്ഷകൾ തുടങ്ങിയ മറ്റ് ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് തീയതികൾ തീരുമാനിക്കുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പറഞ്ഞു.
1951 ഒക്ടോബർ 25 നും 1952 ഫെബ്രുവരി 21 നും ഇടയിൽ 68 ഘട്ടങ്ങളിലായാണ് രാജ്യത്തെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് നടന്നത്. 1962 നും 1989 നും ഇടയിൽ ലോക്സഭ തെരഞ്ഞെടുപ്പുകളുടെ ദൈർഘ്യം നാലു മുതൽ 10 ദിവസം വരെയാണ്. 2004 ൽ നാലു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന് 21 ദിവസമെടുത്തു. 2009ൽ അഞ്ചു ഘട്ടങ്ങളിൽ ഒരു മാസം നീണ്ടുനിന്നു. 2014ൽ ഒമ്പത് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്, 36 ദിവസമെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.