നിർമലയും അണ്ണാമലൈയും ரூ ഉപയോഗിച്ചതിന്‍റെ തെളിവ് പുറത്ത്; ₹ ഒഴിവാക്കിയതിന് സ്റ്റാലിൻ സർക്കാറിനെ വിമർശിച്ച ബി.ജെ.പി പെട്ടു

ന്യൂഡൽഹി: 2025-26ലെ സംസ്ഥാന ബജറ്റിന് മുന്നോടിയായി ഡി.എം.കെ സർക്കാർ തയാറാക്കിയ ലോഗോയിൽ രൂപയുടെ ഔദ്യോഗിക ചിഹ്നം (₹) ഒഴിവാക്കി തമിഴ് അക്ഷരമായ ‘രു’ (ரூ) ചേർത്തതിന് വിമർശന ശരങ്ങൾ തൊടുത്തുവിട്ട ബി.ജെ.പി തന്നെ ഒടുവിൽ വെട്ടിലായി.

പ്രാദേശികവാദത്തിന്‍റെ മറവിൽ വിഘടനവാദ വികാരം പ്രോത്സാഹിപ്പിക്കുകയാണ് സ്റ്റാലിൻ സർക്കാറെന്നായിരുന്നു രൂപ ചിഹ്നം ഒഴിവാക്കിയതിന് ബിജെ.പി നേതാവും കേന്ദ്ര ധനമന്ത്രിയുമായ നിർമല സീതാരാമൻ നിർമല കുറ്റപ്പെടുത്തിയത്. എന്നാൽ, നിർമല സീതാരാമൻ തന്നെ ரூ ചിഹ്നം സമൂഹമാധ്യമ പോസ്റ്റുകളിൽ നേരത്തെ ഉപയോഗിച്ചതിന്‍റെ സ്ക്രീൻ ഷോട്ടുകൾ പുറത്തുവന്നു.

2017ൽ സ്വന്തം അക്കൗണ്ടിൽനിന്നും പോസ്റ്റ് ചെയ്ത കുറിപ്പിൽ പലതവണ ரூ ചിഹ്നം  നിർമല ഉപയോഗിച്ചതിന്‍റെ സ്ക്രീൻഷോട്ടുകൾ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈർ പങ്കുവെച്ചു.

നിർമലയുടെ മാത്രമല്ല, രൂപയുടെ ദേശീയ ചിഹ്നത്തെ സ്റ്റാലിന്‍ സര്‍ക്കാര്‍ അപമാനിച്ചെന്നും നിങ്ങള്‍ക്ക് ഇത്രത്തോളം വിഡ്ഢിയാകാന്‍ എങ്ങനെ കഴിയുന്നു എന്നുമെല്ലാം ചോദിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയും ரூ നേരത്തെ ഉപയോഗിച്ചതിന്‍റെ സ്ക്രീൻഷോട്ടുകൾ പ്രചരിക്കുകയാണ്. 2023ലും കഴിഞ്ഞ വർഷവുമെല്ലാം നിരവധി ട്വീറ്റുകളിൽ അണ്ണാമലൈ ரூ ചിഹ്നം ഉപയോഗിച്ചതിന്‍റെ സ്ക്രീൻഷോട്ടുകളാണ് പുറത്തുവന്നത്. ഇതോടെ, ഡി.എം.കെ സർക്കാറിനെതിരെ വിമർശനമുന്നയിച്ച ബി.ജെ.പി തന്നെ വെട്ടിലായിരിക്കുകയാണ്.

ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന തീരുമാനത്തിൽ കേന്ദ്രസർക്കാറുമായി തർക്കം തുടരവെയായിരുന്നു കഴിഞ്ഞ ദിവസം മറ്റൊരു വിവാദത്തിന് തമിഴ്നാട് തിരികൊളുത്തിയത്. രൂപയുടെ ചിഹ്നത്തിനുപകരം തമിഴ് അക്ഷരമായ രു ചേര്‍ത്ത് സംസ്ഥാന ബജറ്റിന്റെ ലോഗോ പുറത്തിറക്കുകയായിരുന്നു. ദ്രവീഡിയൻ മാതൃക, ടി.എൻ ബജറ്റ് 2025 എന്നീ ഹാഷ്ടാഗുകൾക്കൊപ്പം ലോഗോ മുഖ്യമന്ത്രി സ്റ്റാലിനാണ് പുറത്തിറക്കിയത്.

Tags:    
News Summary - Screenshot shows Nirmala Sitharaman used tamil letter for rupee symbol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.