മുംബൈ: രാജ്യസുരക്ഷയും ദേശീയ അഖണ്ഡതയും തടയാന്‍ യു.എ.പി.എ ഉള്ളതിനാൽ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ അഥവാ രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്ന് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. ഇത് സംബന്ധിച്ച് ഭീമ-കൊറേഗാവ് അന്വേഷണ കമ്മിഷന് ഒരു സത്യവാങ്മൂലവും അദ്ദേഹം സമർപ്പിച്ചു.

ബ്രിട്ടീഷുകാർ അവരുടെ കോളോണിയൽ താൽപര്യങ്ങൾക്കെതിരായ കലാപങ്ങൾ നിയന്ത്രിക്കാനും സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താനുമാണ് 1870ൽ 124 എ വകുപ്പ് ചേർത്തതെന്ന് സത്യവാങ്മൂലത്തിൽ പവാർ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ന് കേന്ദ്ര സർക്കാറിനെ വിമർശിക്കുന്ന എതിർ ശബ്ദങ്ങളെ മുഴുവന്‍ അടിച്ചമർത്താനാണ് ഈ നിയമം ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്തകാലത്തായി ഈ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയപ്പെടുന്നുണ്ടെന്നും ജനാധിപത്യത്തെ ഇത് ദോഷകരമായി ബാധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഗീയ കലാപം പോലുള്ള സാഹചര്യം നിയന്ത്രിക്കാനും ക്രമസമാധാനപാലനത്തിനും പൊലീസിനും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനും അധികാരം നൽകുന്നതിനായി ക്രിമിനൽ പ്രൊസീജ്യർ കോഡിൽ ഭേദഗതികൾ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഭീമ കൊറേഗാവ് സംഭവത്തിന് പിന്നിലെ രാഷ്ട്രീയ അജണ്ടയ്‌ക്കെതിരെ തനിക്കൊന്നും പറയാനില്ലെന്നും പൊതുജീവിതത്തിലെ ദീർഘകാല അനുഭവം കണക്കിലെടുത്ത് എന്റെ കഴിവും അറിവും ഉപയോഗിച്ച് കമ്മീഷനെ സഹായിക്കാനുള്ള ശ്രമം മാത്രമാണിതെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നതിനെക്കുറിച്ചും ഇൻഫർമേഷൻ ടെക്നോളജി നിയമത്തിൽ ഭേദഗതികൾ വരുത്തണുന്നതിനെക്കുറിച്ചും പവാർ സൂചിപ്പിക്കുന്നുണ്ട്. കൽക്കട്ട ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് ജെ.എൻ പട്ടേലും മഹാരാഷ്ട്ര മുൻ ചീഫ് സെക്രട്ടറി സുമിത് മുള്ളിക്കും അടങ്ങുന്ന രണ്ടംഗ കമ്മീഷന്‍ ഇതുമായി സംബന്ധിച്ച ചർച്ചകൾ നടത്തുന്നതിന് മെയ് 5, 6 തീയതികളിൽ പവാറിനെ ക്ഷണിച്ചിട്ടുണ്ട്. 

Tags:    
News Summary - Scrap sedition law, UAPA sufficient to protect national integrity, Sharad Pawar tells Koregaon-Bhima probe panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.