സ്കൂൾ വിദ്യാർഥി കൊല്ലപ്പെട്ട സംഭവം: സംഘർഷാവസ്ഥ നീങ്ങാതെ ഗാസിയാബാദ്

ലക്‌നൗ: പതിനേഴുകാരനായ സ്കൂൾ വിദ്യാർഥി കുത്തേറ്റുമരിച്ച സംഭവത്തെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്ന ഉത്തർപ്രദേശിലെ ഗാസിയാബാദ് കനത്ത സുരക്ഷയിൽ. ഖോഡ മേഖലയിൽ ജനങ്ങളിൽ അധികവും പുറത്തിറങ്ങുന്നില്ല. ഭൂരിഭാഗം കടകളും അടഞ്ഞുകിടക്കുകയാണ്.

സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സൗഹൃദത്തിന്റെ മറവിലെ ക്രൂരത വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി. ബിജ്‌നോറിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെ, പ്രതിയും ഇരയും തമ്മിലുണ്ടായിരുന്നത് എന്തുതരം സൗഹൃദമായിരുന്നുവെന്ന് ചോദിച്ചു. മക്കളെ തിരുത്താൻ കഴിയാത്ത മാതാപിതാക്കൾ ഗുരുതരമായ തെറ്റാണ് ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി.

അതേസമയം, കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് സർക്കാർ ജോലി നൽകി. കുട്ടിയുടെ അമ്മക്ക് ഖോഡ മുനിസിപ്പാലിറ്റിയിലെ ശുചീകരണ വിഭാഗത്തിൽ സാനിറ്റേഷൻ സൂപ്പർവൈസറായി കരാർ അടിസ്ഥാനത്തിലാണ് നിയമനം നൽകിയത്.

കഴിഞ്ഞ മേയ് 28ന് ഖോദയിലെ നവനീത് വിഹാർ കോളനിയിൽ തർക്കത്തിനിനെ പതിനൊന്നാം ക്ലാസ് വിദ്യാർഥി സൂര്യ ചൗഹാൻ കുത്തേറ്റു മരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സംഭവം നടന്ന ഉടൻ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ മുഖ്യപ്രതി അസദ് പിറ്റേദിവസം പൊലീസ് ഏറ്റുമുട്ടലിലും കൊല്ലപ്പെട്ടു.

ബൈക്കിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് അസദും സുഹൃത്തുക്കളും ചേർന്ന് കൗമാരക്കാരനെ തന്ത്രപൂർവം തെരുവിലേക്ക് വിളിച്ചുവരുത്തുകയും പിന്നീട് കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്.

Tags:    
News Summary - School student killed: Tension persists in Ghaziabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.