ബംഗളൂരു: മാതാവിന് ഗുരുതരമായ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കൊല്ലപ്പെട്ട കർണാടക മുൻ ഡി.ജി.പി ഓം പ്രകാശിന്റെ മകൻ കാർത്തിക്. മാതാവ് വർഷങ്ങളായി സ്കീസോഫ്രീനിയക്ക് ചികിത്സയിലായിരുന്നുവെന്ന വെളിപ്പെടുത്തൽ കാർത്തിക് നടത്തിയെന്നാണ് ഇന്ത്യ ടുഡേ ടി.വി റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ 12 വർഷമായി ഡി.ജി.പിയുടെ ഭാര്യയായ പല്ലവി മനോരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് മകൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഭർത്താവ് ആക്രമിക്കാൻ വരുന്നുവെന്നതും തോക്ക് ചൂണ്ടിയെന്നതുമെല്ലാം മാതാവിന്റെ വെറും തോന്നൽ മാത്രമാണെന്നും മകൻ വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നു. അടുത്തിടെ ഓം പ്രകാശ് വാങ്ങിയ സ്ഥലം സഹോദരിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെച്ചൊല്ലി നിരന്തരം വീട്ടിൽ വഴക്കുണ്ടായിരുന്നു. വഴക്കിനിടെ ഭാര്യ പല്ലവി ഓം പ്രകാശിനെ കുത്തി വീഴ്ത്തുകയായിരുന്നു. വയറിലും നെഞ്ചിലും ആഴത്തിലുള്ള പത്ത് മുറിവുകളുണ്ട്. നിലത്തുവീണ ഓം പ്രകാശ് പിടഞ്ഞു മരിക്കുന്നത് വരെ ഭാര്യ നോക്കി നിന്നു. ഈ സമയം വീട്ടിലുണ്ടായ മകളും ഓം പ്രകാശിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചില്ല എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഈസ്റ്റർ ദിനത്തിലാണ് ബംഗളൂരു നഗരത്തെ ഞെട്ടിച്ച് 68കാരനായ മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതക വാർത്ത പുറത്തുവന്നത്. ഓം പ്രകാശിനെ (68) ബംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിലെ വീട്ടിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൂന്നു നിലയുള്ള വീട്ടിലെ താഴെ നിലയിൽ പരിക്കുകളോടെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.