സുധ മൂർത്തി എം.പി
ബംഗളൂരു: കേന്ദ്ര ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് തന്റെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ ശ്രമിച്ച സൈബർ തട്ടിപ്പുകാരനെതിരെ കർണാടകയിൽ നിന്നുള്ള രാജ്യസഭാ എംപിയും എഴുത്തുകാരിയുമായ സുധ മൂർത്തി ബംഗളൂരു പൊലീസിൽ പരാതി നൽകി. ഇൻഫോസിസ് മുൻ ചെയർമാനും സ്ഥാപകനുമായ നാഗവാര രാമറാവു നാരായണ മൂർത്തിയുടെ ഭാര്യയാണ് സുധ.
സെപ്റ്റംബർ 20ന് സൈബർ ക്രൈം പൊലീസ് അജ്ഞാതനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പിന്നീടാണ് സംഭവം പുറത്തുവന്നത്. ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 66(സി), 66(ഡി), 84(സി) എന്നിവ പ്രകാരമാണ് മൂർത്തിക്കുവേണ്ടി ഗണപതി എന്നയാളുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തത്. നാഷണൽ സൈബർ റിപ്പോർട്ടിങ് പോർട്ടൽ(എൻസിആർപി) ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സെപ്റ്റംബർ അഞ്ചിന് രാവിലെ 9.40ന് കേന്ദ്ര സർക്കാരിന്റെ ടെലികോം വകുപ്പിലെ ജീവനക്കാരനെന്ന് അവകാശപ്പെടുന്ന ഒരാൾ സുധ മൂർത്തിയെ ഫോൺ വിളിച്ചു. ആധാർ നമ്പറുമായി ബന്ധിപ്പിക്കാതെയാണ് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ആരോപിച്ച അയാൾ, സ്വകാര്യ വിവരങ്ങൾ കൈക്കലാക്കാനും ശ്രമിച്ചു. കൂടാതെ എം.പിയുടെ നമ്പറിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് വിളിച്ചയാൾ പറയുകയും ചെയ്തു. ഉച്ചയോടെ നമ്പർ ബ്ലോക്ക് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതേ തുടർന്നാണ് പരാതി നൽകിയത്.
ടെലികോം ജീവനക്കാരനായി തെറ്റിദ്ധരിപ്പിച്ച് മൂർത്തിയെ തെറ്റിദ്ധരിപ്പിക്കാനും വിവരങ്ങൾ ചോർത്താനും ശ്രമിച്ചുവെന്ന് പരാതിക്കാരൻ ആരോപിച്ചു. പ്രതി അനുചിതമായി പെരുമാറിയതായി എഫ്‌ഐആറിൽ പറയുന്നു. പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.