സ്കാൽപ് മിസൈലുകളും ഹാമ്മർ ബോംബുകളും; അറിയാം പാകിസ്താനെ വിറപ്പിച്ച ഇന്ത്യയുടെ ആയുധങ്ങൾ

ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഓപറേഷന്‍ സിന്ദൂര്‍ എന്നു പേരിട്ട് പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ സേന ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകളും ഹാമ്മര്‍ ബോംബുകളുമെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച അർധരാത്രിയാണ് ഇന്ത്യൻ സേന പാകിസ്താനെ വിറപ്പിച്ച ആക്രമണം നടത്തിയത്.

വളരെ കൃത്യതയോടെയും അതീവ രഹസ്യമായും നടത്തിയ സൈനിക ആക്രമണത്തില്‍ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനങ്ങളില്‍ നിന്നാണ് സ്‌കാല്‍പ് മിസൈലുകളും ഹാമ്മര്‍ ബോംബുകളും ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യന്‍ വ്യോമസേന തൊടുത്തത്. ഭീകര ഗ്രൂപ്പുകളായ ലശ്​കറെ ത്വയ്യിബയുടെയും ജയ്​ശെ മുഹമ്മദിന്റെയും താവളങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം.

എന്താണ് സ്കാൽപ്

സ്റ്റോം ഷാഡോ എന്ന് അറിയപ്പെടുന്ന യൂറോപ്യന്‍ വ്യോമ ക്രൂയിസ് മിസൈല്‍ ആണ് സ്‌കാല്‍പ്. 1,300 കിലോഗ്രാം ഭാരമുള്ള ഇതിന് ഭീകരരുടെ ശക്തിയേറിയ ബങ്കറുകള്‍, പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവ കൃത്യതയോടെ തകര്‍ക്കാന്‍ കഴിയും. ആ നിലയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്

300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ശേഷിയുള്ള സ്‌കാല്‍പ് മിസൈലിന് കൃത്യത കൈവരിക്കാന്‍ കഴിഞ്ഞത് ഇനേര്‍ഷ്യല്‍ നാവിഗേഷന്‍, ജി.പി.എസ്, ടെറൈന്‍ മാപ്പിങ് എന്നിവ സംയോജിപ്പിച്ച നൂതന നാവിഗേഷന്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ്. യൂറോപ്യന്‍ പ്രതിരോധ കണ്‍സോര്‍ഷ്യമാണ് ഈ മിസൈല്‍ വികസിപ്പിച്ചത്. മിസൈല്‍ അധികം ഉയരത്തിലല്ലാതെ താഴ്ന്നാണ് കുതിക്കുന്നത്. ഇതുമൂലം ശത്രുരാജ്യത്തിന്റെ റഡാറില്‍ മിസൈല്‍ ശ്രദ്ധയില്‍പ്പെടില്ല എന്ന നേട്ടവുമുണ്ട്.

ഹാമ്മര്‍ ബോംബ്

ഇന്ത്യയുടെ വ്യോമാക്രമണത്തിന്റെ ശക്തമായ ആയുധമാണ് ഹാമ്മര്‍ ബോംബ് (Highly Agile Modular Munition Extended Range). ഇത് ഗ്ലൈഡ് ബോംബ് എന്നും അറിയപ്പെടുന്നു. 70 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ളവയാണ് ഹാമ്മറുകള്‍. എയര്‍-ടു-ഗ്രൗണ്ട് യുദ്ധോപകരണമായ ഹാമ്മര്‍ 125 മുതല്‍ 1000 കിലോഗ്രാം വരെ ഭാരമുള്ള സാധാരണ ബോംബുകളില്‍ ഘടിപ്പിക്കാവുന്ന ഒരു മോഡുലാര്‍ കിറ്റാണ്.

ജി.പി.എസ്, ഇന്‍ഫ്രാറെഡ് ലേസര്‍ രശ്മികള്‍ എന്നിവ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ അതിന്റെ സഹായത്താല്‍ കൂറ്റന്‍ ലക്ഷ്യങ്ങളെ വളരെ വേഗം ഭേദിക്കാന്‍ സാധിക്കും. റഫാല്‍ വിമാനങ്ങള്‍ക്ക് ഒരേസമയം ആറ് ഹാമ്മറുകള്‍ വരെ വഹിക്കാനാകും. ഫ്രഞ്ച് പ്രതിരോധ സ്ഥാപനമായ സഫ്രാന്‍ ആണ് ഹാമ്മർ വികസിപ്പിച്ചെടുത്തത്.

Tags:    
News Summary - Scalp missiles and hammer bombs; Know the weapons of India that shook Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.