മുംബൈ: വന്ദേ ഭാരത് എക്സ്പ്രസ്സിലെ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതിനെത്തുടർന്ന് ഭക്ഷണ വിതരണ കരാറുകാരന് 10 ലക്ഷം രൂപ പിഴ ചുമത്തി റെയിൽവേ. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്ത ആദിത്യ ദിദ്വാനിയ എന്ന യാത്രക്കാരനാണ് തനിക്ക് ലഭിച്ച പരിപ്പിലും ചോറിനുമൊപ്പം പാറ്റയെ കണ്ടെത്തിയത്. സംഭവത്തിന്റെ ചിത്രങ്ങളും വിഡിയോയും യാത്രക്കാരൻ എക്‌സിൽ പങ്കുവെച്ചതോടെയാണ് റെയിൽവേ നടപടി കടുപ്പിച്ചത്.
ഭക്ഷണ വിതരണക്കാരായ 'ബ്രന്ദാവൻ ഫുഡ് പ്രൊഡക്ട്‌സിന്' 10 ലക്ഷം രൂപ പിഴ ചുമത്തിയതിനൊപ്പം കരാർ റദ്ദാക്കാനുള്ള നോട്ടീസും ഐ.ആർ.സി.ടി.സി (IRCTC) നൽകിയിട്ടുണ്ട്. കൂടാതെ ഭക്ഷണം പാകം ചെയ്ത അടുക്കള അടിയന്തരമായി സീൽ ചെയ്യാനും വിശദമായ ശുചീകരണ പ്രവർത്തനങ്ങളും കീടനാശിനി പ്രയോഗവും നടത്താനും ഉത്തരവിട്ടിട്ടുണ്ട്.
ആദിത്യ സഞ്ചരിച്ചിരുന്ന കോച്ചിലെ മറ്റ് യാത്രക്കാർക്കും സമാനമായ അനുഭവം ഉണ്ടായതോടെ എല്ലാവരും ഭക്ഷണം കഴിക്കുന്നത് നിർത്തിവെച്ചു. എഫ്.എസ്.എസ്.എ.ഐ (FSSAI) മാനദണ്ഡങ്ങൾ പാലിച്ചല്ല ഭക്ഷണം തയ്യാറാക്കുന്നതെന്നും കരാറുകാരന്റെ ലൈസൻസ് റദ്ദാക്കണമെന്നും യാത്രക്കാരൻ ആവശ്യപ്പെട്ടു. പരാതിക്ക് പിന്നാലെ ഖേദം പ്രകടിപ്പിച്ച് ഐ.ആർ.സി.ടി.സി രംഗത്തു വന്നു."യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നു. ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ശുചിത്വവും യാത്രക്കാരുടെ സുരക്ഷയുമാണ് ഞങ്ങളുടെ പ്രഥമ പരിഗണന'യെന്നും ഐ.ആർ.സി.ടി.സി തങ്ങളുടെ പ്രസ്താവനയിൽ അറിയിച്ചു.
വന്ദേ ഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളിൽ പോലും ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാകുന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനുമുമ്പും വന്ദേ ഭാരതിലെ ഭക്ഷണത്തെക്കുറിച്ച് സമാനമായ പരാതികൾ ഉയർന്നിരുന്നു. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 'നോ ഫുഡ്' ഓപ്ഷൻ തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്നാണ് പല യാത്രക്കാരും ഇപ്പോൾ പ്രതികരിക്കുന്നത്.
നേരത്തേ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ പുഴുവുള്ള ഭക്ഷണം നല്കിയ സംഭവത്തില്‍ ഭക്ഷണവിതരണ ചുമതലയുള്ള ഐ.ആര്.സി.ടി.സിക്ക് 10 ലക്ഷം രൂപയും വിതരണത്തിന് കരാറെടുത്ത കൃഷ്ണ എന്റപ്രൈസസിന് 50 ലക്ഷം രൂപയും പിഴ ചുമത്തിയിരുന്നു. കൃഷ്ണ എന്റർപ്രൈസസിന്റെ കരാർ റദ്ദാക്കുകയും ചെയ്തു. മാർച്ച് 15ന് വണ്ടിയിൽ യാത്ര ചെയ്തവർക്ക് നൽകിയ ഭക്ഷണത്തിൽ നിന്നും പുഴുക്കളും കാലാവധി കഴിഞ്ഞ തൈരും നൽകിയത് സംബന്ധിച്ച് റെയിൽവേക്ക് പരാതി ലഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.