മുംബൈ: ഇൻസ്റ്റാഗ്രാം പരസ്യം വഴി ഓഹരി നിക്ഷേപത്തിന് മുതിർന്ന മുംബൈ സ്വദേശിനിക്ക് 33.50 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. തട്ടിയെടുത്ത തുക കണ്ടെത്താനാവാത്ത വിധം സങ്കീർണമാക്കാൻ 969 'മ്യൂൾ' അക്കൗണ്ടുകളിലൂടെയാണ് (മറ്റൊരാളുടെ അക്കൗണ്ട് വാടകയ്‌ക്കെടുത്ത് പണം കടത്തുന്നത്) പ്രതികൾ പണം കൈമാറിയതെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. കേസിൽ മരവിപ്പിച്ച അക്കൗണ്ടുകളിൽനിന്നായി 20.12 ലക്ഷം രൂപ പരാതിക്കാരിക്ക് തിരികെ നൽകാൻ ബോറിവിലി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
അക്കൗണ്ട്സ് ആൻഡ് ഫിനാൻസ് മാനേജരായി ജോലി ചെയ്തിട്ടുള്ള, പത്ത് വർഷത്തിലേറെ ഓഹരി വിപണിയിൽ പരിചയമുള്ള 38-കാരിയാണ് തട്ടിപ്പിനിരയായത്. ഇൻസ്റ്റഗ്രാമിലെ പരസ്യം വഴി ഒരു വാട്സാപ് ഗ്രൂപ്പിൽ എത്തിയതായിരുന്നു ഇവർ. പ്രഫസർ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളുടെ നേതൃത്വത്തിലാണ് ഓഹരി വിപണി എന്നുപറഞ്ഞ് തട്ടിപ്പ് നടന്നത്. കുറച്ചുനാളുകൾക്ക് ശേഷം ലാഭം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് 'സെൻട്രലൈസ്ഡ് ടാക്സ്' എന്ന പേരിൽ 33.50 ലക്ഷം രൂപ സർക്കാർ നികുതിയായി അടക്കാൻ വീട്ടമ്മയോട് ആവശ്യപ്പെട്ടത്. തുടർന്നാണ് താൻ കബളിപ്പിക്കപ്പെട്ടതായി ഇവർ തിരിച്ചറിഞ്ഞത്.
അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. തട്ടിയെടുത്ത പണം രാജ്യത്തെ വിവിധ സ്വകാര്യ-പൊതുമേഖല ബാങ്കുകളിലെ 969 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് 978 തവണകളായി മാറ്റിയതായി കണ്ടെത്തി. അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിക്കാനായി വെറും 29 രൂപ മുതൽ 45,510 രൂപ വരെയുള്ള ചെറിയ ചെറിയ തുകകളായാണ് തട്ടിപ്പുക്കാർ പണം മാറ്റിയത്. മിക്ക ഇടപാടുകളും മൂന്നും നാലും അക്കങ്ങളിലുള്ള ചെറിയ സംഖ്യകളായിരുന്നു.
ജനുവരിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്നുള്ള തുക തനിക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മ കോടതിയെ സമീപിക്കുകയായിരുന്നു. പ്രാഥമികമായി ഈ തുകയ്ക്ക് അപേക്ഷക അർഹയാണെന്ന് നിരീക്ഷിച്ച കോടതി, തുക വിട്ടുനൽകാൻ ഉത്തരവിട്ടു. പകരമായി 30 ലക്ഷം രൂപയുടെ ഇൻഡംനിറ്റി ബോണ്ട് സമർപ്പിക്കണം. പണം പിന്നീട് അവകാശപ്പെട്ടതല്ലെന്ന് തെളിഞ്ഞാൽ തിരികെ നൽകുമെന്ന് ഇതിലൂടെ ഉറപ്പാക്കും. സൈബർ തട്ടിപ്പിനിരയാകുന്നവർക്ക് പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗരേഖകൾ (എസ്.ഒ.പി) പ്രകാരമാണ് ഈ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.