ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ് പ്രവേശനത്തിന് സംവരണ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ അഴിമതി ആരോപിച്ച് നൽകിയ ഹരജികളിൽ കൽക്കത്ത ഹൈകോടതി സിംഗ്ൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തമ്മിലുള്ള പോരിനിടെ ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഹൈകോടതിയിൽനിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടു. ഹൈകോടതി ബെഞ്ചുകളെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തരുതെന്നും മുതിർന്ന അഭിഭാഷകരോട് സുപ്രീംകോടതി നിർദേശിച്ചു.
തങ്ങൾ കോടതി മുറിയിൽ എത്തുന്നതിനുമുമ്പുതന്നെ വിഷയത്തിൽ കൂടിയാലോചന നടത്തിയിരുന്നുവെന്ന് വാദം തുടങ്ങിയപ്പോൾ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കുറച്ചുകഴിഞ്ഞാൽ ഇതേ ബെഞ്ച് ഹരജികൾ പരിഗണിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായി, സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. സംവരണ സർട്ടിഫിക്കറ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 10 കേസുകളെടുത്തിട്ടുണ്ടെന്നും നിരവധി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയെന്നും പശ്ചിമ ബംഗാൾ സർക്കാറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ബോധിപ്പിച്ചു.
കേസുകളിൽ സത്യവാങ്മൂലം നൽകാൻ കോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചു. വാദത്തിനിടെ കപിൽ സിബൽ, ഹൈകോടതി ജസ്റ്റിസ് അഭിജിത്ത് ഗംഗോപാധ്യയെയും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഡിവിഷൻ ബെഞ്ചിനെയും പരാമർശിച്ചിരുന്നു. ഇതേ തുടർന്നാണ് രണ്ടു ബെഞ്ചുകളെയും ഇകഴ്ത്തുന്ന പരാമർശം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിലക്കിയത്.
സംവരണ സർട്ടിഫിക്കറ്റിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്ന കൽക്കത്ത ഹൈകോടതി ജഡ്ജി അഭിജിത്ത് ഗംഗോപാധ്യായയുടെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെയാണ് ജഡ്ജിമാർ തമ്മിലുള്ള പോര് തുടങ്ങിയത്. ഇതേ തുടർന്നാണ് തർക്കം പരിഹരിക്കാൻ സുപ്രീംകോടതി അഞ്ചംഗ പ്രത്യേക ബെഞ്ച് രൂപവത്കരിച്ചത്. കേസുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും സ്റ്റേ ചെയ്ത് ശനിയാഴ്ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സംവരണ സർട്ടിഫിക്കറ്റിൽ ക്രമക്കേട് ആരോപിച്ച് വിദ്യാർഥിയായ ഇതിഷ സോറൻ ആണ് ഹൈകോടതിയിൽ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.