ജാമ്യം നൽകിയിട്ടും മതപരിവർത്തന നിരോധന നിയമപ്രകാരം തടവിലിട്ടയാളെ മോചിപ്പിച്ചില്ല; യു.പി അധികൃതർക്ക് സുപ്രീംകോടതിയുടെ വിമർശനം

ന്യൂഡൽഹി: സംസ്ഥാന മതപരിവർത്തന നിരോധന നിയമപ്രകാരമുള്ള കേസിൽ ഏപ്രിൽ 29ന് സുപ്രീംകോടതി ജാമ്യം അനുവദിച്ച പ്രതിയെ മോചിപ്പിക്കുന്നതിൽ കാലതാമസം വരുത്തിയതിന് യു.പി അധികൃതർക്ക് സുപ്രീംകോടതിയുടെ വിമർശനം. ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് ജൂൺ 24ന് ഗാസിയാബാദ് ജില്ലാ ജയിലിൽനിന്ന് പുറത്തിറങ്ങിയ പ്രതിക്ക് അഞ്ച് ലക്ഷം രൂപ താൽക്കാലിക നഷ്ടപരിഹാരം നൽകാനും സംസ്ഥാന സർക്കാറിനോട് നിർദേശിച്ചു.

‘നിങ്ങളുടെ ഉദ്യോഗസ്ഥരെ ബോധവൽക്കരിക്കാൻ നിങ്ങൾ എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നത്?’ വിഡിയോ കോൺഫറൻസിങിലൂടെ ഹാജരായ യു.പി ജയിൽ ഡയറക്ടർ ജനറലിനോട് ബെഞ്ച് ചോദിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്യോഗസ്ഥരെ ബോധവൽക്കരിക്കണമെന്ന് ബെഞ്ച് പറഞ്ഞു. സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന വളരെ വിലപ്പെട്ട അവകാശമാണെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു.

പ്രതിയെ ചൊവ്വാഴ്ച ജയിൽ മോചിതനാക്കിയതായും കാലതാമസം എന്തുകൊണ്ട് സംഭവിച്ചുവെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും യു.പിക്കുവേണ്ടി ഹാജറായ അഭിഭാഷകൻ പറഞ്ഞു. ഗാസിയാബാദ് പ്രിൻസിപ്പൽ ജില്ല-സെഷൻസ് ജഡ്ജി സംഭവത്തിൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ട് സമർപ്പിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു.

2021ലെ യു.പി മതപരിവർത്തന നിരോധന നിയമത്തിലെ ഒരു ഉപവകുപ്പ് ജാമ്യ ഉത്തരവിൽ പരാമർശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തന്നെ ജാമ്യത്തിൽ വിട്ടയച്ചിട്ടില്ലെന്ന് പ്രതി വാദിച്ചതിനെ തുടർന്നാണ് സുപ്രീംകോടതി ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയത്.

Tags:    
News Summary - SC slams UP jail authorities over delay in releasing man held under anti-conversion law, orders Rs 5 lakh compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.