ആയുർവേദ ചികിത്സക്ക് പോകാൻ ജാമ്യം വേണമെന്ന് ആശാറാം ബാപ്പു; ചികിത്സ ജയിലിൽ തരാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ആയുര്‍വേദ ചികിത്സ തേടാന്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടുള്ള സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന്‍റെ ഹരജി സുപ്രീംകോടതി തള്ളി. ജാമ്യം നൽകാവുന്ന കുറ്റമല്ല ആശാറാം ബാപ്പു ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ചികിത്സ ജയിലിൽ ലഭിക്കുമെന്നും വ്യക്തമാക്കി. 16കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ജീവപര്യന്തം തടവനുഭവിക്കുകയാണ് പ്രതി.

ഉത്തരാഖണ്ഡില്‍ ചികിത്സക്ക് പോവാന്‍ രണ്ട് മാസം ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, വി. രാമസുബ്രമണ്യൻ, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

2013ലാണ് ആശാറാം ബാപ്പു ആശ്രമത്തില്‍വെച്ച് 16 വയസുകാരിയെ പീഡിപ്പിച്ചത്. 2018ലാണ് ജോധ്പൂര്‍ കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൂട്ടുപ്രതികളായ രണ്ടുപേര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷയും കോടതി വിധിച്ചിരുന്നു.

ചികിത്സയുടെ പേരില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനാണ് ആശാറാം ബാപ്പു ശ്രമിക്കുന്നതെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത രാജസ്ഥാന്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2014ലും 2016ലും സമാനമായ ഹരജിയുമായി ആശാറാം ബാപ്പു കോടതിയെ സമീപിച്ചിരുന്നു. അന്ന് കോടതി നിയോഗിച്ച മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്‍റെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവും ജാമ്യാപേക്ഷയെ എതിര്‍ത്തു. ആശാറാം ജാമ്യം നേടി പുറത്തിറങ്ങുന്നത് തന്‍റെയും കുടുംബത്തിന്‍റെയും ജീവന്‍ തന്നെ അപകടത്തിലാക്കുമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. വിചാരണവേളയില്‍ ആശാറാമിനെതിരെ സാക്ഷിപറഞ്ഞ ഒമ്പതുപേരെ അദ്ദേത്തിന്‍റെ ഗുണ്ടകള്‍ അക്രമിച്ചിരുന്നു.

കഴിഞ്ഞ മേയിൽ ആശാറാമിനും സഹതടവുകാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 2002ലെ ഒരു ബലാത്സംഗക്കേസിൽ ആശാറാമിനെ 20 വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. ഗുജറാത്തിലെ സൂറത്തിലും ഇയാൾക്കെതിരെ ബലാത്സംഗക്കേസ് നിലവിലുണ്ട്. 

Tags:    
News Summary - SC rejects Asaram Bapu's plea seeking suspension of sentence to undergo Ayurvedic treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.