ബംഗ്ലാദേശികളുടെ നാടുകടത്തൽ വൈകുന്നതിൽ ചൊടിച്ച് സുപ്രീംകോടതി; സ്ഥിരീകരണത്തിന്റെ ആവശ്യമെന്തെന്ന്

ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്നുള്ള പ്രഖ്യാപിത അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിലെ കാലതാമസത്തെക്കുറിച്ച് കേന്ദ്ര- ബംഗാൾ സർക്കാറുകളോട് കടുപ്പമുള്ള ചോദ്യങ്ങൾ ചോദിച്ച് സുപ്രീംകോടതി.

അനധികൃത കുടിയേറ്റക്കാരെ ആ രാജ്യത്തേക്ക് തിരിച്ചയക്കുന്നതിന് ബംഗ്ലാദേശിൽ നിന്നുള്ള സ്ഥിരീകരണം ആവശ്യമാണെന്ന കേന്ദ്രത്തിന്റെയും പശ്ചിമ ബംഗാളിന്റെയും നിലപാടിനെ ചോദ്യം ചെയ്ത സുപ്രീം കോടതി, ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചുവെന്നാണ് ഇത്തരക്കാർക്കെതിരെയുള്ള കുറ്റം എന്നിരിക്കെ ഇത് എന്തിനാണ് ആവശ്യമായി വരുന്നതെന്ന് ആശ്ചര്യപ്പെട്ടു. ഇത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും മറ്റൊരു രാജ്യത്തും ഇത്തരം ‘മൃദുത്വം’ വെച്ചുപൊറുപ്പിക്കില്ലെന്നും കോടതി പറഞ്ഞു.

ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ചതിന് ശിക്ഷ അനുഭവിച്ചതിനു ശേഷവും ബംഗാളിലെ ജയിലുകളിൽ തടങ്കലിൽ കഴിയുന്ന നൂറുകണക്കിന് ബംഗ്ലാദേശി കുടിയേറ്റക്കാരുടെ ദുരവസ്ഥയെ ഉയർത്തിക്കാണിക്കുന്ന 2013ലെ ഹരജിയിലാണ് ബെഞ്ച് വിധി പറയുന്നത്.

‘അവരെ പാർപ്പിക്കാൻ നിങ്ങൾ രാജ്യത്ത് എത്ര തിരുത്തൽ സെന്ററുകൾ സ്ഥാപിക്കാൻ പോകുന്നു? എത്ര കാലത്തേക്ക് നിങ്ങളിവരെ പാർപ്പിക്കാൻ പോകുന്നു?’- കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോട് ജസ്റ്റിസ് ജെ.ബി.പർദീവാല ചോദിച്ചു.

കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്‌സ് ഇനിഷ്യേറ്റിവ് എന്ന എൻ.ജി.ഒയുടെ തലവനായ മജ ദാരുവാല 2011ൽ ഈ അനധികൃത കുടിയേറ്റക്കാരുടെ അവസ്ഥയെക്കുറിച്ച് അന്നത്തെ കൽക്കട്ട ഹൈകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ അനധികൃത കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട് ദാരുവാലയുടെ ഹരജി പിന്നീട് സുപ്രീംകോടതിയിലേക്ക് മാറ്റി. 

ബംഗ്ലാദേശ് ഗവൺമെന്റിന്റെ കുടിയേറ്റക്കാരുടെ ഐഡന്റിറ്റിയുടെ ശരിയായ പരിശോധനയും സ്ഥിരീകരണവും ആവശ്യമായതിനാൽ നാടുകടത്തൽ വൈകുകയാണെന്ന് വാദത്തിന്റെ സമാപന ദിവസം ബംഗാൾ സർക്കാറിന്റെ അഭിഭാഷകൻ അറിയിച്ചു.

ഒരു കുടിയേറ്റക്കാരനെ പിടികൂടി വിചാരണക്ക് വിധേയമാക്കുകയും ഫോറിനേഴ്‌സ് ആക്‌ട് പ്രകാരം കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ... അവന്റെ പൗരത്വത്തെക്കുറിച്ച് പറയാൻ അയൽരാജ്യത്തോട് ആവശ്യപ്പെടുന്നതിൽ എന്താണ് അർത്ഥമെന്ന് ജസ്റ്റിസ് പർദിവാല ആശ്ചര്യപ്പെട്ടു.

രാജ്യത്തിന്റെ പഴുതുകളുള്ള അതിർത്തികൾ നാടുകടത്തൽ പോലുള്ള കാര്യങ്ങൾ സങ്കീർണ്ണമാക്കിയെന്നും എന്നാൽ, നടപടികൾ വേഗത്തിലാക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ജസ്റ്റിസ് ആർ. മഹാദേവൻ ഉൾപ്പെട്ട ബെഞ്ചിനോട് അഡീഷനൽ സോളിസിറ്റർ ജനറൽ ഭാട്ടിയ പറഞ്ഞു.

എൻ.ജി.ഒയെ പ്രതിനിധീകരിച്ച് അഭിഭാഷകയായ വൃന്ദ ഗ്രോവർ, ശിക്ഷ അനുഭവിച്ച അനധികൃത കുടിയേറ്റക്കാരുടെ ദീർഘകാല തടവ് ആർട്ടിക്കിൾ 21 (ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം) പ്രകാരമുള്ള അവരുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്ന് വാദിച്ചു.

പ്രഖ്യാപിത അനധികൃത കുടിയേറ്റക്കാരെ ഷെൽട്ടർ ഹോമുകളിൽ പാർപ്പിക്കാൻ സ്ഥിരീകരണവും മറ്റ് നടപടിക്രമങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ  30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് അസം സർക്കാറിനോട് നിർദേശിച്ചതായി ഈ ബെഞ്ച് ചൂണ്ടിക്കാട്ടി.

Tags:    
News Summary - SC questions Centre, Bengal over Bangladeshis’ deportation: ‘what’s the reason in asking neighbouring country about his nationality’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.