ബലാത്സംഗ കേസുകളിൽ ‘മാനഭംഗം’, ‘ചാരിത്യ്രം നഷ്ടപ്പെട്ടു’ തുടങ്ങിയ പ്രയോഗങ്ങൾ ഒഴിവാക്കണം -സുപ്രീംകോടതി

ന്യൂഡൽഹി: ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ കേസുകൾ പരിഗണിക്കുമ്പോൾ ഉപയോഗിക്കുന്ന ഭാഷ ഇരയെ കുറ്റപ്പെടുത്തുന്നതോ ലിംഗവിവേചനം പ്രകടമാക്കുന്നതോ ആകരുതെന്ന് ജഡ്ജിമാർക്ക് സുപ്രീംകോടതിയുടെ നിർദേശം. ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കോടതികൾ കൂടുതൽ സെൻസിറ്റീവ്, അതിജീവിച്ചവരെ കേന്ദ്രീകരിച്ചുള്ള സമീപനം സ്വീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. രാജ്യത്തെ എല്ലാ കോടതികൾക്കുമായി സുപ്രീംകോടതി സമഗ്ര മാർഗനിർദേശങ്ങൾ പുറത്തിറക്കി.

ചാരിത്യ്രം നഷ്ടപ്പെട്ടു (Lost chastity), മാനഭംഗം സംഭവിച്ചു (Outraged modesty), നിസ്സഹായ സ്ത്രീ (helpless woman) തുടങ്ങിയ പ്രയോഗങ്ങൾ ഇനി വിധികളിലും ഉത്തരവുകളിലും ഒഴിവാക്കണം. പകരം അതിജീവിത (survivor), ഇര (victim), പരാതിക്കാരി (complainant) തുടങ്ങിയ പദങ്ങൾ ഉപയോഗിക്കണമെന്നും കോടതി നിർദേശിച്ചു. ഇരയുടെ സ്വഭാവം വസ്ത്രധാരണം, പെരുമാറ്റം തുടങ്ങിയവ അടിസ്ഥാനമാക്കി അഭിപ്രായ പ്രകടനം നടത്തരുതെന്നും കോടതി വ്യക്തമാക്കി.

സുപ്രീംകോടതി നിയോഗിച്ച മുൻ ജഡ്ജി ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. രാജ്യത്തെ വിവിധ ട്രയൽ കോടതികളുടെ 125 വിധികൾ പഠിച്ച ശേഷമാണ് ഈ ശിപാർശകൾ സമർപ്പിച്ചത്. ഫെബ്രുവരി 2026ൽ സുപ്രീംകോടതി നൽകിയ നിർദേശത്തെ തുടർന്നായിരുന്നു സമിതി രൂപവത്കരിച്ചത്.

‘ചാരിത്ര്യം’, ‘മാനം’, ‘ലജ്ജ’, ‘ശുദ്ധി’ തുടങ്ങിയ ഭാഷ പൂർണമായും ഒഴിവാക്കണം. ഒരു സ്ത്രീയെ അവളുടെ ലൈംഗിക ജീവിതവുമായി ബന്ധപ്പെടുത്തി വിലയിരുത്തുന്ന സമീപനം ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിധികളുടെ ഭാഷ സമ്മതം (consent), വ്യക്തിസ്വാതന്ത്ര്യം (bodily autonomy), അന്തസ്സോടെയുള്ള ജീവിതം (dignity) എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കിയാകണം.

ബലാത്സംഗ കേസുകളിൽ ഇരയുടെ പെരുമാറ്റം, വസ്ത്രധാരണം, മുൻകാല ലൈംഗിക ജീവിതം, പരാതി നൽകുന്നതിലെ കാലതാമസം, ശരീരത്തിൽ പരിക്കുകളില്ലായ്മ എന്നിവയെ അടിസ്ഥാനമാക്കി പ്രതികൂല നിഗമനങ്ങൾ പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പരാതി വൈകിയെന്നത് സമ്മതത്തിന്റെ തെളിവല്ല, അതുപോലെ ശാരീരികമായി എതിർക്കാത്തത് സമ്മതമാണെന്നും കരുതാൻ കഴിയില്ല. ലൈംഗികാതിക്രമത്തിന് ഇരയാകുന്നവർ മാനസികാഘാതം മൂലം വ്യത്യസ്ത രീതികളിൽ പ്രതികരിക്കാമെന്ന് കോടതി ഓർമിപ്പിച്ചു.

കോടതികളിലെ വിചാരണക്കിടെയും ഇരയുടെ അന്തസ്സും സ്വകാര്യതയും സംരക്ഷിക്കണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. ലൈംഗിക ചരിത്രം, വ്യക്തിജീവിതം എന്നിവയെക്കുറിച്ചുള്ള അപമാനകരമായ ചോദ്യങ്ങൾ അനുവദിക്കരുത്. ആവശ്യമായിടത്ത് ഇൻ കാമറ വിചാരണ, സാക്ഷി സംരക്ഷണം, നിയമസഹായം, മുൻകൂർ കൗൺസലിങ് എന്നിവ ഉറപ്പാക്കണം. കോടതി മുറികളിൽ അതിജീവിച്ചവരോട് മാന്യമായി പെരുമാറുന്നുണ്ടെന്ന് ജഡ്ജിമാർ ഉറപ്പാക്കണമെന്നും, അടിസ്ഥാന മര്യാദകൾ പാലിക്കുക, അനാവശ്യമായ പൊതു സാന്നിധ്യം നിയന്ത്രിക്കുക, പ്രതികളുടെ ഭീഷണിപ്പെടുത്തുന്ന ഇടപെടലുകൾ തടയുക എന്നിവയിലൂടെ കോടതി മുറികൾക്കുള്ളിൽ ഇരകളെ മാന്യമായി പരിഗണിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

‘ബലാത്സംഗം കാമാസക്തി മൂലമാണ് നടന്നത്’, ‘അവളുടെ ജീവിതം തകർന്നു’, ‘ബാല്യം നശിച്ചു’തുടങ്ങിയ വൈകാരിക- ധാർമ്മിക വിലയിരുത്തലുകൾ ഒഴിവാക്കണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പകരം കുറ്റകൃത്യത്തിന്റെ നിയമപരമായ സ്വഭാവവും അതിന്റെ ആഘാതവും കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഭാഷയാണ് ഉപയോഗിക്കേണ്ടത്. ലൈംഗികാതിക്രമത്തെ ‘ശാരീരിക ബന്ധം’ എന്ന രീതിയിൽ വിശേഷിപ്പിക്കുന്നതും അനുചിതമാണെന്നും അതിന് പകരം ‘ബലാത്സംഗം’, ‘ലൈംഗികാതിക്രമം’, ‘ലൈംഗിക പീഡനം’ എന്നീ പദങ്ങൾ ഉപയോഗിക്കണമെന്നും നിർദേശിക്കുന്നു.

Tags:    
News Summary - ബലാത്സംഗ കേസുകളിൽ മാനഭംഗം ചാരിത്യ്രം നഷ്ടപ്പെട്ടു തുടങ്ങിയ പ്രയോഗങ്ങൾ ഒഴിവാക്കണം| രാജ്യത്തെ കോടതികൾക്ക് സുപ്രീംകോടതിയുടെ സമഗ്ര മാർഗനിർദേശം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.