ന്യൂഡൽഹി: രക്തദാതാക്കളെന്ന നിലയിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തെ മുഴുവൻ 'അപകടകാരികൾ' എന്ന് മുദ്രകുത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. വിവേചനത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. 'എല്ലാ ട്രാൻസ്ജെൻഡറുകളെയും അപകടകാരികളായി മുദ്രകുത്തി അവരെ അപമാനിക്കാൻ പോകുകയാണോ നമ്മൾ? എല്ലാ ട്രാൻസ്ജെൻഡറുകളും ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് നിങ്ങൾക്ക് പറയാനാവില്ല.' ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് രക്തം ദാനം ചെയ്യുന്നതിൽ സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയ 2017 ലെ രക്തദാതാക്കളുടെ മാർഗ്ഗനിർദ്ദേശങ്ങളിലെ സെക്ഷൻ 12, 51 എന്നിവയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹരജി പരിഗണിക്കുകയായിരുന്നു കോടതി. എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി അണുബാധകൾക്കുള്ള ഉയർന്ന അപകടസാധ്യത ചൂണ്ടിക്കാട്ടി ട്രാൻസ്ജെൻഡർ വ്യക്തികൾ, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ, സ്ത്രീ ലൈംഗിക തൊഴിലാളികൾ എന്നിവരെ രക്തം ദാനം ചെയ്യുന്നതിൽ നിന്ന് വിലക്കുന്ന നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളെയും ഹരജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.
ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല മാർഗനിർദ്ദേശങ്ങൾ എന്നും പൊതുജനാരോഗ്യവും ക്ഷേമം മനസ്സിൽ വെച്ചുകൊണ്ട് ഡോക്ടർമാരും വിദഗ്ധരും ഉൾപ്പെടുന്ന എൻ.ബി.ടി.സി ശാസ്ത്രീയ മനോഭാവത്തോടെയാണ് ഇത് തയ്യാറാക്കിയതെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി പറഞ്ഞു. ഇതിനു മറുപടിയായി ട്രാൻസ്ജെൻഡറുകളെ ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന വിവേചനത്തെക്കുറിച്ചുള്ള ആശങ്കയും ബെഞ്ച് ചൂണ്ടിക്കാട്ടി.
'അവർക്ക് അത്തരമൊരു വിവേചനത്തിന്റെ തോന്നൽ ഉണ്ടാക്കരുത്. ആരോഗ്യ നിലവാരത്തിൽ വിട്ടുവീഴ്ചയും ചെയ്യരുത്.' മെഡിക്കൽ മുൻകരുതലുകളിൽ നിന്ന് വിട്ടുവീഴ്ച ചെയ്യാതെ ട്രാൻസ്ജെൻഡറുകളുടെ വിവേചനത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രത്തിന് സമയം നൽകിക്കൊണ്ട് ബെഞ്ച് പറഞ്ഞു.
അണുബാധ സാധ്യതകൾ പരിശോധിച്ച് നിയന്ത്രിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മാറുന്ന കാലത്തിൽ പുതിയ സാങ്കേതികവിദ്യകൾ ഉണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ നിർദ്ദേശം വിദഗ്ധരുടെ മുമ്പാകെ ഉന്നയിക്കുമെന്ന് എ.എസ്.ജി ഭാട്ടി ബെഞ്ചിന് ഉറപ്പ് നൽകി.
രക്തം ദാനം ചെയ്തു കഴിഞ്ഞാൽ അത് നേരിട്ട് രക്തബാങ്കുകളിലേക്ക് പോകുന്നുവെന്നും തലസീമിയ രോഗികൾ പോലുള്ള ദുർബലരായ ആളുകൾ പൂർണ്ണമായും ഈ രക്തബാങ്കുകളെയാണ് ആശ്രയിക്കുന്നതെന്നും ഭാട്ടി ബെഞ്ചിനെ അറിയിച്ചു.ലോകമെമ്പാടും ട്രാൻസ്‌ജെൻഡർമാരെ ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പായി കണക്കാക്കുന്നു. അണുബാധ തിരിച്ചറിയേണ്ട സമയമുണ്ട്. അപകടസാധ്യത പരിഗണിക്കേണ്ടതുണ്ട്. രക്തം ദാനം ചെയ്യാനുള്ള മൗലികാവകാശം ആർക്കും അവകാശപ്പെടാൻ കഴിയില്ല. ആരെയും കളങ്കപ്പെടുത്തരുത് എന്ന ആശയമുള്ളതിനാൽ മാർഗ്ഗനിർദ്ദേശങ്ങൾ പൊതുജനാരോഗ്യത്തിൻ്റെ ഭാഗമായി നിന്ന് കാണണമെന്നും ഭാട്ടി കൂട്ടിച്ചേർത്തു. ലിംഗ വ്യക്തിത്വത്തിൻ്റെ അടിസ്ഥാനത്തിൽ വ്യക്തികളെ വിവേചനം കാണിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് മണിപ്പൂർ ആസ്ഥാനമായുള്ള ട്രാൻസ്‌ജെൻഡറും സാമൂഹികവും പ്രവർത്തകയുമായ തഞ്ജം ശാന്ത സിങ് സമർപ്പിച്ച ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.