പൊതു കെട്ടിടങ്ങളിൽ മുലയൂട്ടലിന് സൗകര്യം വേണം -സുപ്രീം കോടതി

ന്യൂഡൽഹി: പൊതു കെട്ടിടങ്ങളിൽ കുട്ടികളെ പരിചരിക്കാനും അവരെ മുലയൂട്ടാനുമുള്ള ഇടം വേണമെന്ന് സുപ്രീം കോടതി. എല്ലാ സംസ്ഥാനങ്ങളും ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

ഇത്തരം സൗകര്യമൊരുക്കുന്നത് അമ്മമാരുടെ സ്വകാര്യത ഉറപ്പാക്കുകയും കുട്ടികൾക്ക് കൂടുതൽ കരുതൽ കിട്ടുകയും ചെയ്യുമെന്ന് ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, പ്രസന്ന ബി.വരാലെ എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.

പൊതുസ്ഥലങ്ങളിൽ മൂലയൂട്ടലിനും മറ്റും സൗകര്യമൊരുക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഇതു സംബന്ധിച്ച് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വനിത-ശിശു വികസന മന്ത്രാലയം ചീഫ് സെക്രട്ടിമാർക്ക് അറിയിപ്പ് നൽകിയതാണെന്ന് കേന്ദ്രത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തങ്ങളുടെ ഉത്തരവ് സഹിതം വീണ്ടും ചീഫ് സെക്രട്ടറിമാർക്ക് കത്തയക്കാൻ കോടതി കേന്ദ്രത്തോട് നിർദേശിച്ചു. 

സ്ത്രീകൾക്കും കുട്ടികൾക്കും തുല്യതയും പ്രത്യേക സംരക്ഷണവും ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15(3) എന്നിവയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലികാവകാശങ്ങൾ ഈ നടപടികൾ നടപ്പിലാക്കുന്നത് ഉയർത്തിപ്പിടിക്കുമെന്ന് കോടതി കൂട്ടിച്ചേർത്തു.

പൊതു കെട്ടിടങ്ങളിലെ കുട്ടികളുടെ പരിചരണവും ഭക്ഷണ സ്ഥലങ്ങളും സംബന്ധിച്ച് കൃത്യമായ നിയമങ്ങളോ മാർഗ്ഗനിർദ്ദേശങ്ങളോ ഇല്ലാത്തത് മുലയൂട്ടുന്ന അമ്മമാരുടെയും ശിശുക്കളുടെയും അവകാശങ്ങളുടെ ലംഘനമാണെന്ന് ഹരജിക്കാരൻ വാദിച്ചിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്രം പ്രത്യേക നിയമമോ നിയന്ത്രണമോ പുറപ്പെടുവിച്ചിട്ടില്ലെന്ന് 2024 നവംബർ 19 ന് സുപ്രീം കോടതി  നിരീക്ഷിച്ചിരുന്നു. 

Tags:    
News Summary - SC Directs States to Ensure Child Care, Infant Feeding Spaces in Public Buildings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.