പ്രത്യേകയിനം കൊമ്പൻ സ്രാവിനെ പിടികൂടിയതോടെ 'വലയിലായി'രിക്കുകയാണ് കർണ്ണാടകയിലെ മാൽപെയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ. 1972-ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിച്ചിരിക്കുന്ന ഗുരുതര വംശനാശഭീഷണി നേരിടുന്ന ഇനമാണ് സോഫിഷ് അഥവാ കൊമ്പൻ സ്രാവുകൾ. 250 കിലോ തൂക്കമുള്ള കൊമ്പൻ സ്രാവിനെ പിടികൂടി വിറ്റതോടെ മത്സ്യത്തൊഴിലാളികൾക്കെതിരെ കേസെടുക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
'സീ ക്യാപ്റ്റൻ' എന്ന മത്സ്യ ബന്ധന ബോട്ടിലെ തൊഴിലാളികൾക്കാണ് 10 അടി നീളമുള്ള കൊമ്പൻ സ്രാവിനെ ലഭിച്ചത്. ആഴക്കടൽ മത്സ്യബന്ധനക്കാരനായ യുവാവിന്‍റെ വലയിലാണ് കൂറ്റൻ കൊമ്പൻ സ്രാവ് കുടുങ്ങിയത്. ക്രെയ്നിന്‍റെ സഹായത്തോടെയാണ് സ്രാവിനെ കരക്കെത്തിച്ചത്. സ്രാവിനെ കാണാൻ നിരവധി പേരാണ് ഹാർബറിലെത്തിയത്. തുടർന്ന്, മംഗലാപുരം സ്വദേശി ലേലത്തിൽ വാങ്ങുകയും ചെയ്തു.
കൂറ്റൻ സ്രാവിന്‍റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ മത്സ്യത്തൊഴിലാളികൾക്കെതിരെ കേസെടുക്കണമെന്ന് ഫിഷറീസ് വകുപ്പ് ഡയറക്ടർ ഗണേഷ് പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്നതിനാൽ അബദ്ധത്തിലാണെങ്കിൽ പോലും മീനിനെ വിറ്റത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കടുവയെയോ ആനയെയോ കൊല്ലുന്നതിന് നൽകുന്ന ശിക്ഷയ്‌ക്ക് സമാനമായ ശിക്ഷ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചേക്കാമെന്നാണ് ഉയരുന്ന അഭിപ്രായം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വിഷമുള്ളതല്ലെങ്കിലും വംശനാശഭീഷണി നേരിടുന്ന ഇനമാണ് ഇവ. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യൻ തീരത്ത് ഇവയെ 10 തവണയിൽ താഴെ മാത്രമേ കണ്ടിട്ടുള്ളുവെന്നും കെ.യൂ.-പി.ജി.സി മറൈൻ ബയോളജി വിഭാഗം അസി. പ്രൊഫസർ ഡോ. ശിവകുമാർ ബി.എച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.