സവർക്കർ ബ്രിട്ടീഷുകാർക്ക് അഞ്ച് തവണ മാപ്പപേക്ഷ നൽകി; പശു ദൈവമല്ലെന്ന് വിശ്വസിച്ചിരുന്നു- വെളിപ്പെടുത്തലുമായി കൊച്ചുമകൻ

പുനെ: ഹിന്ദുത്വവാദി വിനായക് ദാമോദർ സവർക്കർ ബ്രിട്ടീഷ് ഭരണകാലത്ത് അഞ്ച് തവണ മാപ്പുപപേക്ഷ നൽകിയിരുന്നതായി കൊച്ചുമകൻ സത്യകി സവർക്കർ. പുനെയിലെ പ്രത്യേക എം.പി/എം.എൽ.എ കോടതിയിലാണ് സത്യകി ഈ വെളിപ്പെടുത്തൽ നടത്തിയത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നൽകിയ അപകീർത്തിക്കേസിലെ ക്രോസ് വിസ്താരത്തിനിടെയായിരുന്നു നിർണായക മൊഴി.

സവർക്കർ പശുവിനെ ദൈവമായി കണ്ടിരുന്നില്ലെന്നും ഉപകാരിയായ ഒരു മൃഗമായി മാത്രമാണ് പരിഗണിച്ചിരുന്നതെന്നും സത്യകി കോടതിയിൽ സമ്മതിച്ചു. രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മിലിന്ദ് പവാർ നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു സത്യകിയുടെ പ്രതികരണം.

സെല്ലുലാർ ജയിലിൽ കഴിയവെ സവർക്കർ അഞ്ച് തവണ ബ്രിട്ടീഷ് സർക്കാരിന് മാപ്പപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ സവർക്കർ മാത്രമല്ല, അക്കാലത്തെ പല രാഷ്ട്രീയ തടവുകാരും ഇത്തരത്തിൽ അപേക്ഷകൾ നൽകിയിട്ടുണ്ടെന്ന് സത്യകി പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാൻ സവർക്കർ ആഹ്വാനം ചെയ്തിരുന്നു. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ പരിശീലനം സിദ്ധിച്ച ഒരു സൈന്യം സ്വന്തമായി ഉണ്ടാകണമെന്ന ദീർഘവീക്ഷണത്തോടെയാണ് അദ്ദേഹം ഇത് ചെയ്തതെന്നും സത്യകി ന്യായീകരിച്ചു. പശുവിനെ ദൈവമായി കാണുന്ന സങ്കൽപ്പത്തോട് സവർക്കർക്ക് യോജിപ്പുണ്ടായിരുന്നില്ല. പശു കേവലം ഒരു ഉപയോഗപ്രദമായ മൃഗം മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ദ്വിരാഷ്ട്ര വാദം സവർക്കറുടെ ആശയമാണെന്ന വാദം സത്യകി തള്ളി. സർ സയ്യിദ് അഹമ്മദ് ഖാനാണ് ഈ ആശയം മുന്നോട്ടുവെച്ചതെന്നും സവർക്കർ അതിലെ വസ്തുതകളെ കുറിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.

ഭഗത് സിങ്, ബടുകേശ്വർ ദത്ത് തുടങ്ങിയ വിപ്ലവകാരികളേക്കാൾ സവർക്കർക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് എന്തിനാണെന്ന ചോദ്യത്തിന്, ഓരോ മഹത്‌വ്യക്തികൾക്കും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകുമെന്നും അത് ചർച്ച ചെയ്യേണ്ടത് സർക്കാരാണെന്നും സത്യകി മറുപടി നൽകി.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 2023 മാർച്ച് അഞ്ചിന് ലണ്ടനിൽ നടത്തിയ പ്രസംഗം സവർക്കറെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യകി സവർക്കർ കോടതിയെ സമീപിച്ചത്. സവർക്കറെ കുറിച്ചുള്ള രാഹുലിന്റെ വിവാദ പരാമർശങ്ങൾ അപകീർത്തികരമാണെന്നും പ്രസംഗം യൂട്യൂബിൽനിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സത്യകി പുനെ കോടതിയെ സമീപിച്ചത്.

സവർക്കറെ വിമർശിച്ചതിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ വിവിധ കോടതികളിൽ നിലവിൽ കേസുകളുണ്ട്. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമർശത്തിന്റെ പേരിൽ നാസിക്കിലെ കോടതിയിലുണ്ടായിരുന്ന ഒരു കേസ് ഇക്കഴിഞ്ഞ മാർച്ചിൽ റദ്ദാക്കിയിരുന്നു. പൊലീസ് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ഹരജിക്കാരൻ കേസ് പിൻവലിക്കാൻ തയ്യാറായതിനെ തുടർന്നായിരുന്നു ഇത്.

Tags:    
News Summary - Savarkar filed 5 mercy petitions; cow is not God -Grandnephew to Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.