രാജ്മോഹൻ ഗാന്ധി

സവർക്കറും ഹിന്ദു മഹാസഭയും സ്വാതന്ത്ര സമരത്തിൽ നിന്ന് വിട്ടുനിന്നവരാണ് -രാജ്മോഹൻ ഗാന്ധി

വർക്കറും അദ്ദേഹത്തിന്‍റെ സംഘടനയായ ഹിന്ദു മഹാസഭയും ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ നിന്നു വിട്ടുനിന്നവരാണെന്ന് ഗാന്ധിജിയുടെ പൗത്രനും ചരിത്രകാരനുമായ രാജ്‌മോഹൻ ഗാന്ധി. ഇന്ത്യൻ സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ട സമയങ്ങളിൽ സവർക്കറും ഹിന്ദുമഹാസഭയും വിട്ടുനിൽക്കുകയാണ് ചെയ്തത്. സവർക്കർ ജ​യി​ൽ​ മോചിതനാകാൻ ബ്രി​ട്ടീ​ഷു​കാ​ർ​ക്ക്​ മാപ്പപേക്ഷ കൊ​ടു​ത്ത​ത്​ മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നുവെന്ന കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ രാജ്നാഥ് സിങ്ങിന്‍റെ പ്രസ്താവന പൂർണമായും തെറ്റാണെന്ന്​ മുതിർന്ന മാധ്യമപ്രവർത്തകനായ കരൺ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിൽ രാജ്മോഹൻ ഗാന്ധി വ്യക്തമാക്കി.


1939ൽ സ്വാതന്ത്ര്യ സമരം ശക്തിപ്പെട്ട കാലത്തും 1942ൽ ക്വിറ്റ് ഇന്ത്യ സമരകാലത്തും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികൾക്കൊപ്പമായിരുന്നു സവർക്കർ നിലകൊണ്ടത്. നിഷേധിക്കാനാകാത്തതും രേഖപ്പെടുത്തിയതുമായ തെളിവുകൾ ഇതിനുണ്ട്. മുഹമ്മദലി ജിന്നയും മുസ്ലിം ലീഗും ഒരുവശത്തും സവർക്കറും ഹിന്ദു മഹാസഭയും മറുവശത്തുമായിരുന്നു. നിർണായകമായ ആ വർഷങ്ങളിൽ ഇരുകൂട്ടരും സ്വാതന്ത്ര സമര പ്രസ്ഥാനത്തിൽ നിന്ന് വിട്ടുനിന്നു.


1939ൽ, ബ്രിട്ടീഷുകാരല്ല ഹിന്ദുക്കളാണ് മുഖ്യശത്രുക്കളെന്ന് ജിന്ന തീരുമാനിച്ചു. അതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ സവർക്കർ ബ്രിട്ടീഷ് പക്ഷത്തേക്ക് മാറിയിരുന്നു. ബ്രിട്ടീഷുകാരല്ല, മുസ് ലിംകളാണ് മുഖ്യശത്രുക്കളെന്ന് സവർക്കറും തീരുമാനിച്ചിരുന്നു. എന്നാൽ, ഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭ്ഭായി പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, മൗലാന അബുൽ കലാം ആസാദ് തുടങ്ങിയവരും ഭൂരിഭാഗം ഇന്ത്യൻ ജനതയും ബ്രിട്ടീഷുകാരെയാണ് മുഖ്യശത്രുക്കളായി കണ്ടത് -രാജ്മോഹൻ ഗാന്ധി പറഞ്ഞു.


ഗാന്ധിജിയുടെ നിർദേശപ്രകാരമാണ് സവർക്കർ മാപ്പപേക്ഷ നൽകിയതെന്നാണ് രാജ്നാഥ് സിങ് പറഞ്ഞത്. ഇത് തീർത്തും തെറ്റാണ്. ചിരിച്ചുതള്ളാനുള്ളതാണ്. 1920ൽ സവർക്കറുടെ ഇളയ സഹോദരൻ നാരായൺ റാവു സഹായത്തിനായി ഗാന്ധിജിയെ സമീപിച്ചിരുന്നു. തന്‍റെ മുതിർന്ന സഹോദരങ്ങൾ ജയിലിൽ അനാരോഗ്യാവസ്ഥയിലാണെന്നാണ് നാരായൺ റാവു അറിയിച്ചത്. 1919ൽ നിരവധി തടവുകാർക്ക് മാപ്പ് നൽകിയിട്ടും തന്‍റെ സഹോദരങ്ങൾ അതിൽ ഉൾപ്പെട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഗാന്ധിജി സഹായിക്കാൻ ആഗ്രഹിച്ചു. തങ്ങളുടെ പ്രവർത്തനം തീർത്തും രാഷ്ട്രീയമാണെന്ന് ഊന്നിക്കൊണ്ട് കത്ത് നൽകാൻ ഉപദേശിച്ചു. നാരായൺ റാവുവിന്‍റെ കത്തും ഗാന്ധിയുടെ മറുപടിയും നമുക്ക് ലഭ്യമാണ്. 1920ൽ ഗാന്ധി നൽകിയ ഈ മറുപടിയാണ് ഒമ്പത് വർഷം മുമ്പ് മാപ്പപേക്ഷിക്കാൻ ഗാന്ധി നിർദേശിച്ചതായി രാജ്നാഥ് സിങ് ചിത്രീകരിക്കുന്നതും അത് വിശ്വസിക്കാൻ നമ്മളോട് ആവശ്യപ്പെടുന്നതും. ഇത് തീർത്തും അസംബന്ധമാണ് -രാജ്മോഹൻ ഗാന്ധി വ്യക്തമാക്കി.


ഗാന്ധിജി 1920 മേയിൽ തന്‍റെ പ്രസിദ്ധീകരണമായ 'യങ് ഇന്ത്യ'യിൽ സവർക്കർ സഹോദരങ്ങളെ ആൻഡമാൻ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യവുമായി ലേഖനമെഴുതിയത് കരൺ ഥാപ്പർ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഇന്ത്യക്കാരെല്ലാം ജയിൽ മോചിതരാകണമെന്ന നിലപാടാ‍യിരുന്നു ഗാന്ധിജിക്കെന്ന് രാജ്മോഹൻ ഗാന്ധി പറഞ്ഞു. താനുമായി യോജിക്കുന്നവരാണോ അല്ലയോ എന്നത് ഇക്കാര്യത്തിൽ ഗാന്ധി പരിഗണിച്ചിരുന്നില്ല. 1919ൽ അലി സഹോദരങ്ങളുടെ മോചനത്തിനായി ഗാന്ധിജി ആവശ്യപ്പെട്ടിരുന്നു.

1919 ഡിസംബറിൽ നിരവധി തടവുകാരെ മോചിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് സൂചിപ്പിച്ചു കൊണ്ടാണ് സവർക്കർ സഹോദരങ്ങളെയും വിട്ടയക്കണമെന്ന് ഗാന്ധിജി 1920 മേയിൽ ആവശ്യപ്പെട്ടത്. അവർ മോചിക്കപ്പെടണമെന്ന് ഗാന്ധിജി ആഗ്രഹിച്ചിരുന്നുവെന്നതിൽ തർക്കമില്ല. ബ്രിട്ടീഷുകാരോട് അവർക്ക് ആഭിമുഖ്യമെന്ന് ഗാന്ധിക്ക് അറിയാമായിരുന്നു. ഭിന്നതകളുണ്ടായിരുന്നിട്ടും അവർ മോചിപ്പിക്കപ്പെടണമെന്നാണ് ഗാന്ധിജി ആഗ്രഹിച്ചത് -രാജ്മോഹൻ ഗാന്ധി പറഞ്ഞു. 

Tags:    
News Summary - Savarkar and Hindu Mahasabha Stayed Firmly Outside the Freedom Movement -rajmohan gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.