തമിഴ്നാട് ഭരണം 'അമ്മ'യിൽ നിന്ന് ‘ചിന്നമ്മ’യിലേക്ക്

ജയലളിതയുടെ മരണം അടക്കം നിരവധി വിഷയങ്ങളിൽ ആരോപണങ്ങള്‍ നിലനില്‍ക്കെ പുരട്ച്ചി തലൈവിയുടെ പിന്‍ഗാമിയായി അണ്ണാ ഡി.എം.കെയിലും മുഖ്യമന്ത്രി പദത്തിലേക്കും ശശികല നടരാജൻ ഉയര്‍ത്തപ്പെട്ടിരിക്കുന്നു. ജെല്ലിക്കെട്ട്, അന്തര്‍സംസ്ഥാന ജലതര്‍ക്കങ്ങള്‍ പോലെ തമിഴര്‍ വൈകാരികതയോടെ കാണുന്ന വിഷയങ്ങളിലെ അനുകൂല തീരുമാനങ്ങള്‍ പനീര്‍സെല്‍വത്തിന് ജനകീയ പിന്തുണ വര്‍ധിപ്പിക്കുന്നതും ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ ഫെബ്രുവരി 24ന് രാഷ്ട്രീയ നയം വ്യക്തമാക്കാനിരിക്കുന്നതും ശശികല ഭയപ്പെട്ടിരുന്നു‍. സമയം നീട്ടിക്കൊണ്ടു പോകാതെ മുഖ്യമന്ത്രി പദവി ഏറ്റെടുക്കണമെന്ന ഭര്‍ത്താവ് നടരാജനും കൂട്ടരും ഉള്‍പ്പെട്ട മന്നാര്‍ഗുഡി മാഫിയ നൽകിയ ഉപദേശമാണ് ഭരണം കൈപിടിയിലൊതുക്കാനുള്ള ശശികലയുടെ നീക്കം വേഗത്തിലാക്കിയത്.

1956 ജനുവരി 29ന് തിരുവാരൂര്‍ ജില്ലയിലെ തിരുത്തുരൈ പൂണ്ടിയില്‍ വിവേകാനന്ദത്തിന്‍െറയും കൃഷ്ണവേണിയുടെയും ആറു മക്കളില്‍ ഒരുവളായി ശശികല ജനിച്ചു. മന്നാര്‍ഗുഡി ഗ്രാമത്തിലേക്ക് കുടിയേറിയ ശശികലയുടെ ജീവിതം നാടകീയതകള്‍ നിറഞ്ഞതാണ്. പിന്നീട് ഇവര്‍ അറിയപ്പെട്ടതും 'മന്നാര്‍ഗുഡി മാഫിയ' എന്ന പേരിലാണ്. എം.ജി.ആറിന്‍െറ കാലത്ത് സര്‍ക്കാര്‍ പി.ആര്‍.ഒ ആയിരുന്ന എം. നടരാജന്‍ എന്ന ഡി.എം.കെ പ്രവര്‍ത്തകനെ വിവാഹം കഴിച്ച് ജീവിത പ്രാരബ്ധങ്ങളുമായാണ് ചെന്നൈയിലെത്തിയത്.

അടിയന്തരാവസ്ഥക്കാലത്ത് നടരാജന് ജോലി നഷ്ടമായി. ഉള്ള സ്വര്‍ണം പണയംവെച്ചാണ് നാലുകൊല്ലം കഴിഞ്ഞത്. 1980ല്‍ നടരാജന്‍ ജോലിയില്‍ തിരികെയെത്തി. കുടുംബ വരുമാനം ഉറപ്പുവരുത്താന്‍ ശശികല കല്യാണത്തിന്‍െറയും ബിസിനസ് ചടങ്ങുകളുടെയും വിഡിയോ എടുക്കുന്ന പാര്‍ലര്‍ തുടങ്ങി. നടരാജന്‍െറ അപേക്ഷയനുസരിച്ച് ആര്‍ക്കോട്ട് ജില്ല കലക്ടര്‍ വി.എസ്. ചന്ദ്രലേഖ ശശികലയെ ജയലളിതക്ക് പരിചയപ്പെടുത്തി. ജയലളിതയുടെ പ്രചാരണ, പ്രസംഗ വിഡിയോകള്‍ പകര്‍ത്തുന്ന അനുമതി നേടിയെടുത്ത ശശികല സാവധാനം ജയലളിതയുടെ മന:സാക്ഷി സൂക്ഷിപ്പുകാരിയും ഉറ്റതോഴിയുമായി മാറി. ഇതിനിെട ജയയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ എം.ജി.ആര്‍ നിയോഗിച്ച ചാരവനിത എന്ന് പഴികേട്ടിട്ടുണ്ട്.  

പാര്‍ട്ടി അണികളായ തമിഴ് മക്കള്‍ക്ക് ശശികലയും കുടുംബവും ഉള്‍പ്പെട്ട മന്നാര്‍ഗുഡി മാഫിയ ദുര്‍മന്ത്രവാദികളുടെ സംഘമാണ്. അരുതായ്മകളിലേക്കും അഴിമതിയിലേക്കും വലിച്ചിഴച്ച് പുരട്ച്ചി തലൈവിയെ ജയില്‍ അഴികള്‍ക്കുള്ളിലെത്തിച്ചവള്‍, അമ്മയെ തെറ്റായ വഴിക്ക് നയിച്ചവള്‍, അമ്മക്ക് ചുറ്റും ഇരുമ്പുമറ സൃഷ്ടിച്ചവള്‍, സാധാരണക്കാരില്‍നിന്ന് അകറ്റിയവള്‍, അവസാനം ‘അമ്മ’യുടെ ദുരൂഹമായ മരണവും ശശികലയെ ചൂഴ്ന്നു നില്‍ക്കുന്നു. ജയലളിതയുടെ കാലത്ത് ശശികലയോ മറ്റ് കുടുംബാംഗങ്ങളോ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

റിയല്‍ എസ്റ്റേറ്റ് - രാഷ്ട്രീയ മാഫിയ ബന്ധമുള്ള മണ്ണാര്‍ഗുഡി മാഫിയയുടെ പ്രധാനിയായ ശശികലയുടെ ഭർത്താവ് നടരാജനെ ജയലളിത പ്രത്യേകം അകറ്റി നിര്‍ത്തിയിരുന്നു. എന്നാൽ, ജയയുടെ നിര്യാണത്തോടെ പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയ നടരാജൻ തിരുച്ചിറപ്പള്ളിയിലും തഞ്ചാവൂരിലും പാര്‍ട്ടി സംഘടിപ്പിച്ച പൊങ്കല്‍ ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി ഈയിടെ പങ്കെടുത്തിരുന്നു. ജയലളിതയുടെ മരണശേഷം നേതൃസ്ഥാനം ഏറ്റെടുക്കാന്‍ അണ്ണാ ഡി.എം.കെ ഭാരവാഹികള്‍ കൂട്ടമായി ശശികലക്കു മുന്നില്‍ കുമ്പിട്ടു നില്‍ക്കുന്ന കാഴ്ചകൾ രാജ്യം കണ്ടിരുന്നു. ശശികല എന്ന വാതിലിലൂടെയാണ് നേതാക്കള്‍ ജയലളിതയിലേക്ക് എത്തിപ്പെട്ടിരുന്നത്. അതിനാൽ തന്നെ താഴെത്തട്ടിലുള്ള നേതാക്കളുമായി വലിയ ബന്ധമാണ് ശശികലക്കുള്ളത്.

അതേസമയം, ഏപ്രിലില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പാർട്ടി, ഭരണ നേതൃത്വത്തിൽ പിടിമുറക്കുന്ന ശശികലക്ക് മുമ്പിലെ പ്രധാന വെല്ലുവിളി. ജയലളിത ജീവിച്ചിരിക്കുമ്പോള്‍ പ്രഖ്യാപിച്ച തദ്ദേശ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയും ഡി.എം.കെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ ഘട്ടത്തിൽ മദ്രാസ് ഹൈകോടതിയുടെ ഇടപെടല്‍ മൂലം നീട്ടിവെക്കുകയായിരുന്നു. വാര്‍ഡ് വിഭജനത്തില്‍ സംവരണതത്ത്വം അട്ടിമറിച്ചതായി ആരോപിച്ച് ഡി.എം.കെ ഉള്‍പ്പെടെയുള്ള സംഘടനകളാണ് കോടതിയെ സമീപിച്ചത്. 

Tags:    
News Summary - sasikala jayalalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.