അന്നത്തെ വിമതൻ ഇന്ന് രക്ഷക വേഷത്തിൽ

മുംബൈ: ശിവസേനയിലെ വിമത പോരിൽ വീഴ്ചയുടെ വക്കിലെത്തിയ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാറിനെ രക്ഷിക്കാൻ അവസാന ശ്രമവുമായി സഖ്യശിൽപി ശരത് പവാർ കളത്തിൽ നേരിട്ടിറങ്ങുമ്പോൾ ചരിത്രം ചിരിക്കുന്നുണ്ടാകാം.

കാരണം മഹാരാഷ്ട്ര രാഷ്ട്രീയ ചരിത്രത്തിലെ ആദ്യത്തെ വിമതനെന്ന ബഹുമതി അദ്ദേഹത്തിനാണല്ലൊ. 1978ൽ 38ാം വയസ്സിൽ വസന്ത്ദാദ പാട്ടീൽ സർക്കാറിനെ മറിച്ചിട്ട് സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായ 'വില്ലൻ'. ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന പവാറിന്റെ പേരിലുള്ള റെക്കോർഡ് ഇതുവരെ തകർക്കപ്പെട്ടിട്ടില്ല. 77 ൽ കേന്ദ്രത്തിൽ ഇന്ദിരാഗാന്ധി തോൽക്കുകയും കോൺഗ്രസ് പിളരുകയും ചെയ്തതിനു പിന്നാലെയായിരുന്നു മഹാരാഷ്ട്രയിൽ ചരിത്രം കുറിച്ച പവാറിന്റെ വിമത നീക്കം.

അന്ന് കോൺഗ്രസ് ഐയും കോൺഗ്രസ് യുവും ചേർന്നായിരുന്നു ഭരണം. ഒറ്റക്ക് മത്സരിച്ച ഇരു പക്ഷവും ജനതപാർട്ടിയെ അധികാരത്തിൽ നിന്നകറ്റാൻ കൈകോർക്കുകയായിരുന്നു. കോൺഗ്രസ് യുവിലായിരുന്നു പവാർ. നാലു മാസം നീണ്ട നിശബ്ദ നീക്കത്തിലൂടെയാണ് പവാർ വസന്ത്ദാദ പാട്ടീൽ സർക്കാറിനെ അട്ടിമറിച്ചത്. നിയമസഭ സമ്മേളനം നടന്നുകൊണ്ടിരിക്കെ പിന്തുണക്കുന്നവരുടെ കത്തുമായി ഗവർണറെ കണ്ടപ്പോഴാണ് പവാറിന്റെ നീക്കം പുറത്തറിഞ്ഞത്. അപ്പോഴേക്കും വസന്ത്ദാദ സർക്കാർ നിലംപൊത്തിക്കഴിഞ്ഞു. '80 ൽ കേന്ദ്രത്തിൽ ഇന്ദിര അധികാരത്തിൽ തിരിച്ചെത്തുംവരെയായിരുന്നു പവാർ സർക്കാറിന്റെ ആയുസ്സ്.

കോൺഗ്രസിലേക്ക് മടങ്ങണമെന്ന ഇന്ദിരയുടെ നിർദേശം പവാർ തള്ളിയതോടെ ഇന്ദിര മഹാരാഷ്ട്ര സർക്കാറിനെ പിരിച്ചുവിട്ടു. ഇന്ന് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിമതരുടെ എണ്ണം കൂടുമ്പോഴാണ് അവസാന ശ്രമത്തിന് പവാർ ഇറങ്ങുന്നത്. പ്രത്യയശാസ്ത്ര വിഷയമല്ല എൻഫോഴ്സ്മെന്റ് പേടിമാത്രമാണ് വിമത സ്വരത്തിനു പിന്നിലെന്ന് പവാർ പറയുന്നു. ഒരിക്കൽ മുംബൈയിലെത്തിയാൽ വിമത സംഘം പൊളിയുമെന്നും അദ്ദേഹം കരുതുന്നു. മറ്റേത് ഘടകത്തേക്കാളും താക്കറെ എന്ന വികാരമാണ് ശിവസൈനികരുടെ അടിത്തറ എന്നതാണ് അതിന് കാരണമായി പറയുന്നത്.

Tags:    
News Summary - Sarath Pavar in the role of savior

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.