‘സരബ്ജിത് സിങ്ങിന് നീതി ലഭിച്ചിരിക്കുന്നു, അജ്ഞാതർക്ക് നന്ദി’; സന്തോഷം പങ്കുവെച്ച് രൺദീപ് ഹൂഡ

ലാഹോര്‍: പാകിസ്താൻ ജയിലില്‍ വെച്ച് ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ അമീര്‍ സര്‍ഫറാസിനെ അജ്ഞതാർ വെടിവെച്ചുകൊന്ന സംഭവത്തിൽ സ​ന്തോഷം പങ്കുവെച്ച് ബോളിവുഡ് നടൻ രൺദീപ് ഹൂഡ. സരബ്ജിന്റെ ജീവിത കഥ അടിസ്ഥാനമാക്കി 2016ൽ ഒമങ്ക് കുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘സർബ്ജിത്ത്’ എന്ന ബോളിവുഡ് ചിത്രത്തിൽ സരബ്ജിത്തായി വേഷമിട്ടത് ഹൂഡയായിരുന്നു. ഐശ്വര്യ റായി സഹോദരി ദൽബീർ കൗറായും റിച്ച ഛദ്ദ ഭാര്യ സുഖ്പ്രീത് കൗറായും സ്ക്രീനിലെത്തി. രക്തസാക്ഷി സരബ്ജിത് സിങ്ങിന് ഇന്ന് നീതി ലഭിച്ചിരിക്കുന്നു എന്ന് എക്സിൽ കുറിച്ച ഹൂഡ അജ്ഞാതർക്ക് നന്ദിയും അറിയിക്കുന്നു.

‘കർമ. അജ്ഞാതർക്ക് നന്ദി. എന്റെ സഹോദരി ദൽബീർ കൗറിനെ ഓർക്കുകയും സ്വപൻദീപിനും പൂനത്തിനും സ്നേഹം അർപ്പിക്കുകയും ചെയ്യുന്നു. രക്തസാക്ഷി സരബ്ജിത് സിങ്ങിന് ഇന്ന് നീതി ലഭിച്ചിരിക്കുന്നു’ -എന്നിങ്ങനെയായിരുന്നു രൺദീപ് ഹൂഡയുടെ പോസ്റ്റ്. ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രത്തിൽ സവർക്കറായും രൺദീപ് ഹൂഡ വേഷമിട്ടിരുന്നു. എന്നാൽ, ബോക്സോഫിസിൽ പ്രതീക്ഷിച്ച സ്വീകാര്യത ചിത്രത്തിന് ലഭിച്ചില്ല. 

അധോലോക കുറ്റവാളി ആയിരുന്ന സര്‍ഫറാസിനെ ലാഹോറിൽ വെച്ചാണ് ബൈക്കിലെത്തിയ സംഘം വെടിവെച്ചുകൊന്നത്. 2013ലാണ് സരബ്ജിത് ലാഹോര്‍ ജയിലിൽവെച്ച് കൊല്ലപ്പെടുന്നത്. സര്‍ഫറാസും സഹതടവുകാരനും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. കല്ലും മൂര്‍ച്ചയേറിയ ആയുധങ്ങളുംകൊണ്ട് ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് തലക്ക് ഗുരുതര പരിക്കേറ്റ നിലയില്‍ സരബ്ജിതിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെവെച്ച് മരിക്കുകയുമായിരുന്നു.

1990ലാണ് പഞ്ചാബ് സ്വദേശിയായ സരബ്ജിത്തിനെ പാക് അധികൃതര്‍ അറസ്റ്റ് ചെയ്യുന്നത്. ചാരവൃത്തിയും ബോംബ് സ്‌ഫോടനങ്ങളിലെ പങ്കും ആരോപിച്ചായിരുന്നു അറസ്റ്റ്. എന്നാൽ, പാക് ആരോപണങ്ങൾ ഇന്ത്യ നിഷേധിച്ചിരുന്നു. കൃഷിയിൽ ഏ​ർപ്പെട്ടിരുന്ന സരബ്ജിത്ത് അബദ്ധത്തിൽ അതിർത്തി കടന്നതാണെന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്.

വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെയാണ് സരബ്ജിത്ത് കൊല്ലപ്പെടുന്നത്. കൊല്ലപ്പെടുന്നതിന് മുമ്പ് വധശിക്ഷക്കെതിരെ പലതവണ ദയാഹരജികൾ സമർപ്പിച്ചിരുന്നു. ഘാതകനായ സര്‍ഫറാസിനെ 2018 ഡിസംബറില്‍ ലാഹോറിലെ കോടതി മോചിപ്പിച്ചിരുന്നു. 

Tags:    
News Summary - 'Sarabjit Singh gets justice, thanks to unknown men'; Randeep Hooda shares his happiness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.