പുതിയ പാർലമെന്‍റ് ‘പഞ്ചനക്ഷത്ര ജയിൽ’; ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ പഴയ കെട്ടിടത്തിലേക്ക് മാറുമെന്നും സഞ്ജയ് റാവത്ത്

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് സംവിധാനത്തെ രൂക്ഷമായി വിമർശിച്ച് ശിവസേന ഉദ്ധവ് വിഭാഗം നേതാവും എം.പിയുമായ സഞ്ജയ് റാവത്ത്. പുതിയ പാർലമെന്‍റ് കെട്ടിടത്തെ ‘പഞ്ചനക്ഷത്ര ജയിലി’നോടാണ് അദ്ദേഹം ഉപമിച്ചത്. പ്രചോദനാത്മകമായ ചർച്ചകളൊന്നും അവിടെ നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ന്യൂഡൽഹിയിലെ സെൻട്രൽ വിസ്റ്റയുടെ അവസ്ഥ എല്ലാവരും ഒന്ന് കാണണം’ -പാർലമെന്‍റ് അംഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളിൽ നിരാശ പ്രകടിപ്പിച്ച് റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതിയ പാർലമെന്‍റ് പ്രവർത്തിക്കാൻ പറ്റാത്ത, പഞ്ചനക്ഷത്ര ജയിൽ പോലെയാണ്. ഇൻഡ്യ മുന്നണി കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ചരിത്രപരമായ പഴയ പാർലമെന്‍റ് കെട്ടിടത്തിലേക്ക് പാർലമെന്‍റ് സമ്മേളനം മാറ്റാനുള്ള തന്‍റെ പാർട്ടിയുടെ ഉദ്ദേശ്യവും റാവത്ത് വെളിപ്പെടുത്തി. ‘ഞങ്ങൾ സർക്കാർ രൂപവത്കരിക്കുകയാണെങ്കിൽ പാർലമെന്‍റ് സെഷൻ ചരിത്രപരമായ പഴയ കെട്ടിടത്തിലേക്ക് മാറ്റും’ -റാവത്ത് വ്യക്തമാക്കി.

കഴിഞ്ഞവർഷം മേയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്‍റ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. 971 കോടി ചെലവിൽ നിർമിച്ച കെട്ടിടത്തിൽ ലോക്സഭാ ഹാളിൽ 888 അംഗങ്ങൾക്കും രാജ്യസഭയിൽ 300 അംഗങ്ങൾക്കും ഒരുസമയം ഇരിക്കാനാകും. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം 400 സീറ്റിനു മുകളിൽ നേടുമെന്ന ബി.ജെ.പി അവകാശവാദം അദ്ദേഹം തള്ളിക്കളഞ്ഞു. 2024ലെ തെരഞ്ഞെടുപ്പിൽ 400ന് പകരം 600 സീറ്റുകൾ എന്ന ലക്ഷ്യമാണ് മോദി മുന്നോട്ടുവെക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.

Tags:    
News Summary - Sanjay Raut calls new Parliament ‘5-star jail’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.