ന്യൂഡൽഹി: 68 പേർ കൊല്ലപ്പെട്ട സംഝോത എക്സ്പ്രസ് സ്ഫോടനക്കേസിൽ 13 പാകിസ്താൻകാരെ സാക്ഷികളായി വിസ്തരിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) കോടതി പുറപ്പെടുവിച്ച സമൻസ് ഇന്ത്യ പാകിസ്താന് കൈമാറി. എന്നാൽ, പാകിസ്താൻ സാക്ഷികൾ ഹരിയാനയിലെ പാൻച്കുല കോടതിയിൽ ഹാജരാകുമോ എന്ന് വ്യക്തമല്ല.
ജൂലൈ നാലിനകം സാക്ഷികൾ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് മാർച്ച് 17ന് എൻ.െഎ.എ കോടതി സമൻസ് പുറപ്പെടുവിച്ചത്. 2007 ഫെബ്രുവരി 18നാണ് ട്രെയിനിലെ രണ്ട് കോച്ചുകളിൽ സ്ഫോടനമുണ്ടായത്. സിമി പ്രവർത്തകരാണ് സ്ഫോടനത്തിനു പിന്നിലെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, ഹിന്ദുത്വ സംഘടനാപ്രവർത്തകരാണ് സ്ഫോടനം നടത്തിയതെന്ന് പിന്നീട് കണ്ടെത്തി.
കേസിൽ സ്വാമി അസിമാനന്ദ അടക്കമുള്ളവർക്കെതിരെ കുറ്റപത്രവും തയാറാക്കിയിരുന്നു. യാത്രക്കാരിലേറെയും പാക് പൗരന്മാരാണ് എന്നതിനാലാണ് സംഝോത എക്സ്പ്രസിൽ സ്ഫോടനം നടത്താൻ ഹിന്ദുത്വഭീകരർ പദ്ധതിയിട്ടത്. ഡൽഹി, അട്ടാരി, പാകിസ്താനിലെ ലാഹോർ എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് ട്രെയിൻ സർവിസ്. 299 സാക്ഷികളിൽ 249 പേരുടെ വിസ്താരം പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.