സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; പ്രതിയെ ജനുവരി 24വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

മുംബൈ: സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ മുംബൈ കോടതി ജനുവരി 24വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ഉച്ചക്ക് ഒന്നരയോടെ ബാന്ദ്രയിലെ അവധിക്കാല കോടതിയിൽ പൊലീസ് ഹാജരാക്കി. വിജയ് ദാസ് എന്ന പേരിൽ മുംബൈയിൽ താമസിക്കുകയായിരുന്ന ബംഗ്ലാദേശ് സ്വദേശിയാണ് കേസിലെ പ്രതി.

മാസങ്ങൾക്ക് മുമ്പ് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പ്രതി മുംബൈയിൽ താമസിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ താനെ ജില്ലയിലെ ഗോഡ്ബന്ദർ റോഡിലെ ഹിരാനന്ദാനി എസ്റ്റേറ്റിൽ നിന്നാണ് അക്രമിയെ പിടികൂടിയത്. അക്രമിയുടെ ലക്ഷ്യം മോഷണം തന്നെയാണോ എന്ന കാര്യത്തിൽ പൊലീസിന് സംശയമുണ്ട്. കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ ഛത്തീസ്ഗഢിൽ നിന്നും മറ്റൊരാളെ മധ്യപ്രദേശിൽ നിന്നും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

വ്യാഴാഴ്ച പുലർച്ചെയാണ് സെയ്ഫ് അലി ഖാനെ അക്രമി കുത്തി പരിക്കേൽപ്പിച്ചത്. കഴുത്തിലും നട്ടെല്ലിനു സമീപത്തും കൈയിലും ഉൾപ്പെടെ പരിക്കേറ്റ താരം മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. സെയ്ഫിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടർമാർ അറിയിച്ചു. അക്രമിയുടെ ലക്ഷ്യം മോഷണം തന്നെയാണോ എന്ന കാര്യത്തിലും സംശയമുണ്ട്.

സെയ്ഫിന് ആറ് തവണ കുത്തേറ്റതിൽ രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു. നടനെ കുടുംബാംഗങ്ങളും ജോലിക്കാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. താരം അപകടനില തരണം ചെയ്തതായാണ് വിവരം. അദ്ദേഹത്തെ ഐ.സി.യുവിൽ നിന്ന് മുറിയിലേക്ക് മാറ്റി. തിങ്കളാഴ്ചയോടെ സെയ്ഫ് അലി ഖാനെ ഡിസ്ചാർജ് ചെയ്യാനാകുമെന്ന് ഡോക്ടർമാർ അറിയിച്ചു. 

Tags:    
News Summary - Saif Ali Khan stabbing case: Accused sent to police custody till January 24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.