പൊലീസ് പിടികൂടിയ മുഹമ്മദ് ഷെരിഫുൾ ഇസ്ലാം സെയ്ദ്, സെയ്ഫ് അലി ഖാൻ

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്; പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ബംഗ്ലാദേശ് പൗരനായ പ്രതി മുഹമ്മദ് ഷെരീഫുൽ ഇസ്‌ലാനെ14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ ആവശ്യം തള്ളിയാണ് കോടതിയുടെ നടപടി. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കുമ്പോള്‍ കസ്റ്റഡി കാലാവധി നീട്ടിനല്‍കുന്ന കാര്യം ആലോചിക്കാമെന്നും മജിസ്‌ട്രേറ്റ് അറിയിച്ചു.

അന്വേഷണ സംഘം കൊല്‍ക്കത്തയിലാണെന്നും കസ്റ്റഡി കലാവധി രണ്ട് ദിവസം നീട്ടി നല്‍കണമെന്നുമായിരുന്നു പൊലീസിന്‍റെ ആവശ്യം. പ്രതിയെ ആരെങ്കിലും കൊൽക്കത്തയിൽനിന്ന് സഹായിച്ചോ എന്നും ആരുടെ സഹായത്തോടെയാണ് അതിർത്തി കടന്ന് ഇന്ത്യയിൽ എത്തിയതെന്ന കാര്യം കണ്ടെത്തേണ്ടതുണ്ടതെന്നും പൊലീസ് പറഞ്ഞു. ബംഗ്ലാദേശിലെ കുടുംബത്തിന് ഷെരീഫുൽ പണം നൽകിയിട്ടുണ്ടെന്നും ഇത് എങ്ങനെ സാധിച്ചുവെന്ന കാര്യം വ്യക്തമാകാൻ കൂടുതൽ ചോദ്യം ചെയ്യണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ അന്വേഷണം അവസാനിച്ചെന്നും പൊലീസ് കസ്റ്റഡി ആവശ്യമില്ലെന്നുമാണ് പ്രതിഭാഗം വക്കീൽ വാദിച്ചത്.

ഇരുഭാഗത്തിന്റെയും വാദംകേട്ട കോടതി, പ്രതി പത്തുദിവസമായി പൊലീസ് കസ്റ്റഡിയിലാണെന്ന് ചൂണ്ടിക്കാണിച്ചു. നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ഇനിയും കസ്റ്റഡിയിൽ വിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഷരീഫുളിനെതിരെ ആവശ്യത്തിന് തെളിവുകളുണ്ടെന്ന് എ.സി.പി പരംജിത് സിങ് ദഹിയ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പ്രതിയുടെ വിരലടയാള റിസള്‍ട്ട് തിരിച്ചടിയായത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു എ.സി.പിയുടെ പ്രതികരണം.

ഈ മാസം 16നാണ് ബാന്ദ്രയിലെ വസതിയിൽവെച്ച് സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടത്. അക്രമിയുമായുള്ള ഏറ്റുമുട്ടലിൽ സെയ്ഫിന് കഴുത്തിലും പുറത്തും കൈയിലുമായി ആറ് കുത്തേറ്റിരുന്നു. ഇതിൽ രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു സെയ്ഫ്. ആക്രമണത്തിന് മൂന്ന് ദിവസത്തിനു ശേഷം താനെയിലെ ലേബർ ക്യാമ്പിൽ വെച്ചാണ് പ്രതി അറസ്റ്റിലായത്.

Tags:    
News Summary - Saif Ali Khan attack: Bandra court sends accused to 14 days judicial custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.