യു.പിയിലും ഉത്തരാഖണ്ഡിലും ബിജെ.പി; പഞ്ചാബില്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഭരണവിരുദ്ധ വികാരം അഞ്ച് സര്‍ക്കാറുകളെ കുത്തിമറിച്ച നിയമസഭ തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ തകര്‍പ്പന്‍ മുന്നേറ്റം. പഞ്ചാബിലെ 10 വര്‍ഷത്തെ ബി.ജെ.പി-അകാലിദള്‍ ഭരണം കടപുഴക്കി കോണ്‍ഗ്രസും ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ബി.ജെ.പിയും അധികാരം തിരിച്ചുപിടിച്ചു. ഗോവയില്‍ ബി.ജെ.പിയെ പിന്തള്ളി കോണ്‍ഗ്രസ് മുന്നില്‍. കോണ്‍ഗ്രസിന്‍െറ മേല്‍ക്കോയ്മ തകര്‍ന്ന ബി.ജെ.പി മുന്നേറ്റത്തിലൂടെ മണിപ്പൂരില്‍ ത്രിശങ്കു സഭ. 

നിയമസഭ ചരിത്രത്തില്‍ ഒരിക്കലും കാണാത്ത വന്‍നേട്ടമാണ് യു.പിയില്‍ ബി.ജെ.പി ഉണ്ടാക്കിയത്. സമാജ്വാദി പാര്‍ട്ടി -കോണ്‍ഗ്രസ് സഖ്യം കടപുഴകി. രാഷ്ട്രീയ ഭാവിതന്നെ അപകടത്തിലാക്കുന്ന വിധം മായാവതിയുടെ ബി.എസ്.പിക്ക് ദയനീയ പരാജയം. 403 സീറ്റില്‍ 312ഉം ബി.ജെ.പി ജയിച്ചുകയറി. കോണ്‍ഗ്രസ്-എസ്.പി സഖ്യം 54 സീറ്റിലൊതുങ്ങി. മായാവതിയുടെ ബി.എസ്.പി 19 അംഗങ്ങളുമായി മൂന്നാമതായി. 2012ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 47 സീറ്റാണുണ്ടായിരുന്നത്. 224 സീറ്റുമായി അധികാരത്തിലുണ്ടായിരുന്ന സമാജ്വാദി പാര്‍ട്ടിയാണ് 47 സീറ്റിലേക്ക് തകര്‍ന്നടിഞ്ഞത്. കോണ്‍ഗ്രസിന് ഒറ്റക്ക് ഏഴ് സീറ്റ് മാത്രമാണ് നേടാനായത്. ഉത്തരാഖണ്ഡില്‍ 70 സീറ്റില്‍ 57ലും ജയിച്ച് ബി.ജെ.പി കരുത്തു കാട്ടി. കോണ്‍ഗ്രസ് 11 സീറ്റിലൊതുങ്ങി. പഞ്ചാബിലാണ് കോണ്‍ഗ്രസിന് മാനം കാക്കാനായത്. 117 അംഗ നിയമസഭയില്‍ 77 എണ്ണം കോണ്‍ഗ്രസ് നേടി. കടുത്ത വെല്ലുവിളിയുയര്‍ത്തി പ്രചാരണ രംഗത്തുണ്ടായിരുന്ന ആം ആദ്മി പാര്‍ട്ടി 20 സീറ്റുമായി രണ്ടാമതത്തെി. അകാലി-ബി.ജെ.പി സഖ്യം 18 സീറ്റിലേക്ക് തകര്‍ന്നു. ഇതില്‍ മൂന്ന് സീറ്റ് മാത്രമാണ് ബി.ജെ.പിയുടേത്.

60 സീറ്റുള്ള മണിപ്പൂരില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റാണ്. കോണ്‍ഗ്രസിന് 28 സീറ്റും ബി.ജെ.പിക്ക് 21 സീറ്റുമുണ്ട്. മൂന്നുപേരുടെ പിന്തുണകൂടിയുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കും. അതേസമയം, സര്‍ക്കാറുണ്ടാക്കുമെന്ന് ബി.ജെ.പി അവകാശപ്പെടുന്നുണ്ട്. 40 സീറ്റുള്ള ഗോവയില്‍ ഭരണത്തിലിരിക്കുന്ന ബി.ജെ.പി 13 സീറ്റിലൊതുങ്ങി. 21 അംഗങ്ങളായിരുന്നു നിലവില്‍ ബി.ജെ.പിക്കുണ്ടായിരുന്നത്. കഴിഞ്ഞ തവണ ഒമ്പതു പേരുണ്ടായിരുന്ന കോണ്‍ഗ്രസ് 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവര്‍ മൂന്നു സീറ്റുകള്‍ വീതം നേടി. മൂന്നു സ്വതന്ത്രരും ജയിച്ചു. എന്‍.സി.പിക്ക് ഒരു സീറ്റുണ്ട്. 21 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ചെറുപാര്‍ട്ടികളുടെ പിന്തുണയില്ലാതെ ഗോവയില്‍ ആര്‍ക്കും ഭരിക്കാനാവില്ല. 


വേദനിപ്പിക്കുന്ന തോല്‍വി –കോണ്‍ഗ്രസ്
ഉത്തര്‍പ്രദേശിലെ പരാജയം വേദനിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സാങ്വി. തോല്‍വി അംഗീകരിക്കുന്നു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും അഭിനന്ദിക്കുന്നുവെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. പരാജയത്തിന്‍െറ കാരണങ്ങള്‍ പരിശോധിക്കും. പാര്‍ട്ടിയില്‍ അഴിച്ചുപണി ആവശ്യമെങ്കില്‍ അത് നടപ്പാക്കും. ജനങ്ങളുടെ കാവല്‍ക്കാരായി കോണ്‍ഗ്രസ് ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

മോദിയെ അഭിനന്ദിച്ച് രാഹുല്‍; നന്ദി പറഞ്ഞ് മോദി 
ന്യൂഡല്‍ഹി: യു.പിയിലെയും ഉത്തരാഖണ്ഡിലെയും തകര്‍പ്പന്‍ ജയത്തിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. ജനഹൃദയങ്ങള്‍ തിരിച്ചുപിടിക്കുന്നതിനായി പോരാട്ടം തുടരും. ഇന്ത്യയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും ട്വിറ്ററില്‍ കുറിച്ച സന്ദേശത്തില്‍ രാഹുല്‍ പറഞ്ഞു. രാഹുലിന്‍െറ അഭിനന്ദനങ്ങള്‍ക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി മോദി, ജനാധിപത്യം നീണാള്‍ വാഴട്ടെയെന്ന് ട്വിറ്ററില്‍ കുറിച്ചു. പാര്‍ട്ടിക്ക് മികച്ച വിജയം സമ്മാനിച്ച പഞ്ചാബിലെ വോട്ടര്‍മാരെ രാഹുല്‍ നന്ദി അറിയിച്ചു. പാര്‍ട്ടിക്കു പിന്നില്‍ ഉറച്ചുനിന്ന നേതാക്കളെയും അനുയായികളെയും അഭിനന്ദിക്കുന്നു. സംസ്ഥാനത്തിന്‍െറ ശോഭനമായ ഭാവിക്കുവേണ്ടി പ്രയത്നിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനവിധി അംഗീകരിക്കുന്നു –കെജ്രിവാള്‍
ന്യൂഡല്‍ഹി: പഞ്ചാബിലും ഗോവയിലും നടന്ന തെരഞ്ഞെടുപ്പില്‍ ജനവിധി അംഗീകരിക്കുന്നുവെന്ന് ആം ആദ്മി (എ.എ.പി) ദേശീയ നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ‘‘മുഴുവന്‍ മണ്ഡലങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ നന്നായി പ്രയത്നിച്ചു. പക്ഷേ, പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. ജനവിധി അംഗീകരിക്കുന്നു. എങ്കിലും പോരാട്ടം തുടരും’’ -കെജ്രിവാള്‍ പറഞ്ഞു.

അഴിമതിരഹിത ഭരണത്തിന്‍െറ വിജയം -അമിത് ഷാ
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍െറ അഴിമതിരഹിത ഭരണത്തിന്‍െറ വിജയമാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ദരിദ്ര വിഭാഗത്തിന്‍െറ ഉന്നമനം ലക്ഷ്യമിട്ട് സ്വീകരിച്ച നടപടികളും തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായി. മികച്ച വിജയത്തിനു വേണ്ടി പ്രയത്നിച്ച നേതാക്കളെയും പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നുവെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

Tags:    
News Summary - saffron Holi For Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.