ട്രംപിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മോദിക്ക് ക്ഷണം കിട്ടാൻ വിദേശകാര്യ മന്ത്രി യു.എസ് സന്ദർശിച്ചു; രാഹുലിന്‍റെ ആരോപണം പച്ചക്കള്ളമെന്ന് ജയശങ്കർ

ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം ലഭിക്കാന്‍ മൂന്ന് നാല് തവണ വിദേശകാര്യ മന്ത്രിയെ അയച്ചെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് എസ്. ജയശങ്കര്‍. യു.എസ് സന്ദര്‍ശനത്തെ കുറിച്ച് രാഹുല്‍ പറഞ്ഞത് കള്ളമാണെന്നും രാഹുലിന്റെ പ്രസ്താവന വിദേശത്ത് രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്നും വിദേശകാര്യമന്ത്രി എക്‌സില്‍ കുറിച്ചു.

തിങ്കളാഴ്ച ലോക്‌സഭയിലാണ് രാഹുല്‍ ഗാന്ധി ഇതുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയത്. പിന്നാലെ ലോക്സഭയിൽ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും പാർലമെന്റിനുപുറത്ത് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഈ ആരോപണം നിഷേധിച്ച് രംഗത്തെത്തി. രാഹുൽ പറയുന്നത് പച്ചക്കള്ളമാണെന്നായിരുന്നു പ്രതികരണം. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ, രാജ്യത്തുണ്ടാകേണ്ട സാങ്കേതിക വിദ്യാ വിപ്ലവത്തിന് അനുസൃതമായിരിക്കണം വിദേശ നയം എന്ന് പറഞ്ഞാണ് രാഹുൽ വിവാദ വിഷയമെടുത്തിട്ടത്. നമ്മൾ അമേരിക്കയോട് സംസാരിക്കുമ്പോൾ, പ്രധാനമന്ത്രിയെ അവിടത്തെ ഭരണാധികാരിയുടെ കിരീടധാരണത്തിന് ക്ഷണിക്കണമെന്നാവശ്യപ്പെട്ട് വിദേശ മന്ത്രിയെ തുടർച്ചയായി അങ്ങോട്ട് അയക്കില്ലായിരുന്നുവെന്ന് രാഹുൽ പറഞ്ഞു.

നമുക്ക് നല്ലൊരു ഉൽപാദന സംവിധാനമുണ്ടായിരുന്നുവെങ്കിൽ അമേരിക്കൻ പ്രസിഡന്റ് ഇവിടെ വന്ന് പ്രധാനമന്ത്രിയെ ക്ഷണിക്കാൻ നിർബന്ധിതനാകുമായിരുന്നുവെന്നും രാഹുൽ തുടർന്നു. ഈ പ്രസ്താവനക്കുപിന്നാലെ കേന്ദ്ര മന്ത്രിമാർ ഒന്നടങ്കം എഴുന്നേറ്റു. പ്രതിപക്ഷ നേതാവിന് തെളിവില്ലാത്ത അത്തരമൊരു ഗുരുതരമായ ആരോപണം ഉന്നയിക്കാനാവില്ലെന്നു പറഞ്ഞ് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ഇടപെട്ടു. ഇത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധവുമായി ബന്ധപ്പെട്ടതാണെന്നും രാഹുൽ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും റിജിജു ആവശ്യപ്പെട്ടു. അത്തരമൊരു വിവരം പ്രതിപക്ഷ നേതാവിനുണ്ടെങ്കിൽ പ്രധാനമന്ത്രിക്ക് ക്ഷണം കിട്ടാൻ വിദേശമന്ത്രിയെ അമേരിക്കയിലേക്ക് പറഞ്ഞയച്ചത് ആരാണെന്ന് രാഹുൽ പറയണമെന്ന് റിജിജു ആവശ്യപ്പെട്ടു.

റിജിജുവിന് മറുപടിയുമായി എഴുന്നേറ്റ കെ.സി. വേണുഗോപാൽ പ്രതിപക്ഷ നേതാവ് മുന്നോട്ടുവെച്ച സക്രിയമായ നിർദേശത്തെ അവർ ഭയക്കുന്നതെന്തിനാണെന്ന് ചോദിച്ചു. തന്റെ ചോദ്യം കേന്ദ്രമന്ത്രിയെ അസ്വസ്ഥപ്പെടുത്തിയെങ്കിൽ താൻ അദ്ദേഹത്തോടു മാപ്പുചോദിക്കുന്നുവെന്ന രാഹുലിന്റെ പ്രതികരണം പ്രതിപക്ഷ ബെഞ്ചുകളിൽ കൂട്ടച്ചിരി പടർത്തി.

2024 ഡിസംബറിലെ തന്റെ യു.എസ് സന്ദര്‍ശനത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ബോധപൂര്‍വം തെറ്റായ പ്രസ്താവന നടത്തിയെന്ന് ജയശങ്കർ എക്സിൽ കുറിച്ചു. ബൈഡന്‍ ഭരണകൂടത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ചീഫ് സെക്രട്ടറിയുമൊത്തുള്ള കൂടിക്കാഴ്ചക്കും കോണ്‍സല്‍ ജനറലിന്റെ ഒരു സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കാനുമാണ് താൻ അവിടെ പോയത്. ഒരു ഘട്ടത്തിലും പ്രധാനമന്ത്രിയെ ക്ഷണിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നില്ല. രാഹുല്‍ ഗാന്ധിയുടെ നുണകള്‍ രാഷ്ട്രീയ ഉദ്ദേശ്യത്തോടെ ആയിരിക്കാം. എന്നാല്‍, അത് രാജ്യത്തിന് വിദേശത്തുള്ള പ്രതിച്ഛായയെ തകര്‍ക്കുന്നതാണെന്നും ജയശങ്കർ പ്രതികരിച്ചു.

Tags:    
News Summary - S Jaishankar slams Rahul Gandhi over 'Trump coronation invite' claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.