ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ സൈനിക സേവനത്തിനിടെ പത്ത് ഇന്ത്യൻ പൗരമാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. യുദ്ധത്തിൽ കുടുങ്ങിയ 26 ഇന്ത്യക്കാരെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് വിദേശകാര്യ മന്ത്രാലയം ഈ ഞെട്ടിക്കുന്ന വിവരം കോടതിയെ അറിയിച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി , ജസ്റ്റിസ് വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. നേരത്തെ ഈ വിഷയത്തിൽ കോടതി കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടിയിരുന്നു.
ഹരജിയിൽ പരാമർശിച്ചിരിക്കുന്ന 26 പേരിൽ 10 പേർ നിർഭാഗ്യവശാൽ മരിച്ചുവെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി വാദിച്ചു. ബാക്കിയുള്ളവർ ഇപ്പോഴും റഷ്യൻ സൈന്യത്തിന്റെ ഭാഗമായി തുടരുകയോ തടങ്കലിലാവുകയോ ചെയ്തിരിക്കുകയാണ്. യുദ്ധത്തിൽ പങ്കുചേർന്ന പലരും റഷ്യൻ അധികൃതരുമായി സ്വമേധയ കരാറിൽ ഏർപ്പെട്ടവരാണെന്ന് കേന്ദ്രം കോടതിയിൽ വ്യക്തമാക്കി. എന്നാൽ ചിലർ ഏജന്റുമാരുടെ ചതിയിൽപ്പെട്ടതാണെന്ന കാര്യവും സർക്കാർ തള്ളിക്കളഞ്ഞില്ല.
ഏകദേശം 215 ഇന്ത്യൻ പൗരമാർ റഷ്യയിൽ ഇത്തരത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലെത്തിച്ച യുവാക്കളെ നിർബന്ധപൂർവ്വം യുദ്ധമുന്നണിയിലേക്ക് അയക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.
യുദ്ധമേഖലയായതിനാൽ മൃതദേഹങ്ങൾ തിരികെ എത്തിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തോട് വിശദമായ റിപ്പോർട്ട് നൽകാനും കോടതി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.