പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി നേതൃത്വത്തിൽ ജന്തർ മന്തറിൽ തുടരുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയതിനെ ചോദ്യംചെയ്ത് ഡൽഹി ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ഹരജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയും ജസ്റ്റിസ് തേജസ് കാര്യയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് ഹർജി എത്തിയത്. അടിയന്തരമായി ഹരജി പരിഗണിക്കണമെന്ന ഹർജിക്കാരന്റെ അഭിഭാഷകന്റെ ആവശ്യം ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
‘ജന്തർ മന്തർ പ്രദേശത്തെ ഇന്റർനെറ്റ് നിയന്ത്രണം ചോദ്യം ചെയ്യുന്ന പൊതുതാൽപര്യ ഹർജിയാണിത്. ഉച്ചക്ക് 2.30-ന് ഹർജി പരിഗണിക്കണം’ -എന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഇന്റർനെറ്റ് നിയന്ത്രണം ഭരണഘടനാപരമായ അവകാശങ്ങളെ ബാധിക്കുന്നതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
പ്രതിഷേധം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ, ജന്തർ മന്തറിന് ചുറ്റുമുള്ള 1.5 കിലോമീറ്റർ പരിധിയിൽ ബുധനാഴ്ച വൈകീട്ട് ആറു മുതൽ വ്യാഴാഴ്ച രാവിലെ ആറു വരെ മൊബൈൽ ഇന്റർനെറ്റ് സേവനം നിർത്തിവെക്കാനാണ് ടെലികോം സേവനദാതാക്കൾക്ക് സർക്കാർ നിർദേശം നൽകിയത്. സെൻട്രൽ ഡൽഹിയിലെ ചില പ്രദേശങ്ങളിലും ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
അതേസമയം, ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ എൻ.ഐ.എ അന്വേഷണം വേണമെന്ന ഹരജിയും ഇന്ന് ഡൽഹി ഹൈകോടതി പരിഗണിക്കുന്നുണ്ട്. കോക്രോച്ച് ജനത പാർട്ടി പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും എൻ.ഐ.ഐക്ക് കൈമാറാൻ കോടതി നിർദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. അഖില ഭാരത് ഹിന്ദു മഹാസഭ മുൻ വൈസ് പ്രസിഡന്റ് സതീഷ് കുമാർ അഗർവാളാണ് ഈ വിഷയത്തിൽ പുതിയ ഹർജിയുമായി ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.