ഫ്ലിപ്കാർട്ടിലൂടെ ഐഫോൺ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് താടി വളരാനുള്ള എണ്ണ; 1.8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ന്യൂഡൽഹി: 1.1 ലക്ഷത്തിന്റെ ഐഫോൺ ഓർഡർ ചെയ്ത യുവാവിന് താടി വളരാനുള്ള എണ്ണ (ബിയർഡ് ഓയിൽ) ലഭിച്ച സംഭവത്തിൽ ഇ കൊമേഴ്‌സ് കമ്പനിക്കും വിൽപ്പനക്കാരനും കനത്ത പിഴ വിധിച്ചു. ഉപഭോക്താവിന് 1.8 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരമായി നൽകാനാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷന്റെ ഉത്തരവ്.

മഹാരാഷ്ട്ര സ്വദേശിയായ യുവാവാണ് ഫ്ലിപ്കാർട്ടിലൂടെ ഐഫോൺ ഓർഡർ ചെയ്തത്. 2023 ഏപ്രിൽ 22ന് ഫ്ലിപ്കാർട്ട് വഴി 1,11,793 രൂപക്ക് നോ കോസ്റ്റ് ഇ.എം.ഐ സ്കീം ഉപയോഗിച്ചാണ് ആപ്പിൾ ഐഫോൺ 14 പ്രോ (128 ജി.ബി) വാങ്ങിയത്. പ്രത്യേകം ഓർഡർ ചെയ്ത ചാർജറും കവറും യുവാവിന് ലഭിച്ചു. എന്നാൽ ​അടുത്ത ദിവസം ​വിതരണം ചെയ്ത ഫോണിന്റെ പാഴ്സൽ തുറന്നപ്പോൾ ഫോണിന് പകരം ചെറിയ കുപ്പിയിലെ ബിയർഡ് ഓയിൽ ആണ് ലഭിച്ചത്. ഉടൻ തന്നെ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ പരിഹാരം ലഭിച്ചില്ല. 2023 ഏപ്രിൽ മുതൽ മേയ് വരെ ഫ്ലിപ്കാർട്ടിനെ പരാതിക്കാരൻ നിരന്തരം ബന്ധപ്പെട്ടപ്പോൾ പരാതി പരിഹരിച്ചുവെന്നായിരുന്നു മറുപടി. എന്നാൽ പണം തിരികെ നൽകാനോ ഓർഡർ ചെയ്ത ഫോൺ നൽകാനോ അവർ തയാറായില്ല. തുടർന്ന് അദ്ദേഹം ജില്ലാ ഉപഭോക്തൃ കമീഷനെ സമീപിക്കുകയായിരുന്നു.

പരാതി പരിശോധിച്ച കമീഷൻ, ഉൽപ്പന്നം സുരക്ഷിതമായി കൈമാറുന്നതിൽ കമ്പനിയും വിൽപ്പനക്കാരനും ഗുരുതര വീഴ്ച വരുത്തിയെന്ന് വിലയിരുത്തി. തുടർന്ന് സേവനത്തിലെ ഗുരുതര വീഴ്ചക്കും ഉപഭോക്താവിനെ വഞ്ചിച്ചതിനും 1.8 ലക്ഷത്തിലധികം രൂപ പരാതിക്കാരന് നൽകാൻ കമീഷൻ ഉത്തരവിടുകയായിരുന്നു. ഐഫോണിന്റെ വില, പലിശ, മാനസിക പീഡനത്തിനുള്ള നഷ്ടപരിഹാരം, കോടതി ചെലവ് എന്നിവ ഉൾപ്പെടെയാണ് നഷ്ടപരിഹാരം. നിശ്ചിത സമയത്തിനുള്ളിൽ തുക നൽകാത്ത പക്ഷം അധിക പലിശയും ബാധകമാകുമെന്നും കമിഷൻ വ്യക്തമാക്കി.

പരാതി അന്വേഷിക്കാതിരിക്കുക, തെറ്റായി എത്തിച്ച പാഴ്‌സൽ തിരിച്ചെടുക്കാതിരിക്കുക, പകരം പാഴ്‌സൽ നൽകുകയോ റീഫണ്ട് നൽകുകയോ ചെയാതിരിക്കുക എന്നിവ സേവനത്തിലെ പോരായ്മയാണെന്നും അന്യായമായ വ്യാപാര രീതിയാണെന്നും കമീഷൻ പറഞ്ഞു. ഓഡർ ചെയ്ത ഉൽപ്പന്നം വിതരണം ചെയ്യുന്നതിലും പരാതി പരിഹരിക്കുന്നതിലും വിൽപ്പനക്കാരായ ഇന്റർനാഷണൽ വാല്യു റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗത്തുനിന്നുള്ള പരാജയം അവരുടെ സേവനത്തിലെ പോരായ്മയെ ചൂണ്ടിക്കാട്ടുന്നുവെന്നും കമീഷൻ പറഞ്ഞു.

ആപ്ൾ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ പ്രിൻസിപ്പൽ-ടു-പ്രിൻസിപ്പൽ അടിസ്ഥാനത്തിൽ സ്വതന്ത്ര ഡീലർമാരിലൂടെയും റീസെല്ലർമാരിലൂടെയും വിൽക്കുന്ന ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നതായും അത്തരം സ്വതന്ത്ര വിൽപ്പനക്കാരുടെ ഉപഭോക്താക്കളോടുള്ള ബാധ്യതകളിലോ നിയന്ത്രണത്തിലോ ഉത്തരവാദിത്തമില്ലെന്നും ഇല്ലെന്നും ആപ്ൾ കമ്പനി വാദിച്ചു. അതോടെ ആപ്ൾ ഇന്ത്യക്കെതിരായ പരാതി കമീഷൻ തള്ളിക്കളഞ്ഞു.

വിലകൂടിയ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ‘ഓപ്പൺ ബോക്സ് ഡെലിവറി’ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുകയും പാഴ്സൽ തുറക്കുമ്പോൾ വീഡിയോ എടുക്കുകയും ചെയ്യുന്നത് ഇത്തരം തർക്കങ്ങളിൽ തെളിവാകുമെന്നും വിദഗ്ധർ പറഞ്ഞു.

Tags:    
News Summary - Oil Instead of iPhone Flipkart Customer Wins Compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.