സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണപദ്ധതി

സസ്യാഹാരത്തിൽ `യൂടേൺ'; മുട്ട വിതരണത്തിന് അംഗീകാരം നൽകി പശ്ചിമ ബംഗാൾ മന്ത്രിസഭ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ ഇനി മുട്ടയുമുണ്ടാകും. സ്ത്രീകൾക്കും കുട്ടികൾക്കും അംഗൻവാടികളിൽ പ്രഭാതഭക്ഷണത്തിന് മുട്ടയും വേവിച്ച ഭക്ഷണവും നൽകുന്നതിനുള്ള ഫണ്ട് പ്ലേറ്റിന് രണ്ട് രൂപ വീതം വർധിപ്പിക്കാനാണ് പശ്ചിമ ബംഗാൾ മന്ത്രിസഭ അംഗീകാരം നൽകിയത്. അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി (ഇസ്‌കോൺ) യുമായി സഹകരിച്ച് സ്‌കൂൾ കുട്ടികൾക്ക് സസ്യാഹാരം വിതരണം ചെയ്യാനുള്ള മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നിർദേശം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ആഗസ്റ്റ് 1 മുതൽ സ്‌കൂളുകളിൽ ഇസ്‌കോൺ ഉച്ചഭക്ഷണം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ മുട്ട മെനുവിൽ നിന്ന് ഒഴിവാക്കി. എന്നാൽ ഇത് വിദ്യാർഥികളുടെ മേൽ സസ്യാഹാരം അടിച്ചേൽപ്പിക്കുകയാണെന്നും കുട്ടികൾക്ക് ലഭിക്കേണ്ട പോഷകാഹാരത്തിന് മേലുള്ള കൈകടത്തലാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. വിദ്യാർഥികളുടെ ഹാജർ വർധിപ്പിക്കുന്നതും പ്രോട്ടീന്‍റെ ഒരു പ്രധാന ഉറവിടമാണ് മുട്ടയെന്നതും വിമർശകരും സ്കൂൾ അധികൃതരും വാദിച്ചു.

പ്രതിഷേധങ്ങൾക്കിടയിലാണ് മുട്ട വിതരണത്തിന് പശ്ചിമ ബംഗാൾ സർക്കാർ അംഗീകാരം നൽകിയത്. കൂടാതെ, കേന്ദ്രത്തിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടാത്ത സംസ്ഥാനത്തെ താമസക്കാർക്കായി 'മുഖ്യമന്ത്രി സ്വാസ്ഥ്യ ബീമാ യോജന' നടപ്പിലാക്കാനും മന്ത്രിസഭ അംഗീകാരം നൽകിയതായും ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്ത് ഒരു ദേശീയ അന്വേഷണ ഏജൻസി (എൻ.‌ഐ‌.എ) സ്റ്റേഷൻ സ്ഥാപിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. ഉത്തർ ദിനാജ്പൂർ, നാദിയ, മാൾഡ, മുർഷിദാബാദ് ജില്ലകളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വേലി കെട്ടുന്നതിനും ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കുന്നതിനുമായി ബി.‌എസ്‌.എഫിന് ഭൂമി കൈമാറുന്നതിനും മന്ത്രിസഭ അനുമതി നൽകി. ജൽപൈഗുരി ജില്ലയിലെ പംഗാ നദിക്ക് കുറുകെ ബി.എസ്.എഫ് ഇരുമ്പ് പാലം നിർമ്മിക്കുന്നതിനായി ഉടമകളിൽ നിന്ന് ഭൂമി വാങ്ങുന്നതിനും ജൽപൈഗുരി, അലിപുർദുവാർ ജില്ലകളിലെ സീമ സുരക്ഷ ബാലിന് (എസ്.എസ്.ബി) ഭൂമി കൈമാറുന്നതിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. നടപടിക്രമ നിർദേശങ്ങൾ മാറ്റുന്നതിനുള്ള പശ്ചിമ ബംഗാൾ പഞ്ചായത്ത് (രണ്ടാം ഭേദഗതി) ബിൽ, 2026 നും ഇത് അംഗീകാരം നൽകി.

Tags:    
News Summary - West Bengal Approves Eggs in School Meals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.