തെരുവ്നായ പ്രശ്നം: ഉത്തരവിന് സ്റ്റേയില്ല; തദ്ദേശസ്ഥാപനങ്ങൾ നിയമങ്ങൾ നടപ്പാക്കുന്നില്ലെന്ന് സുപ്രീംകോടതി വിമർശനം

ന്യൂഡൽഹി: ഡൽഹിയിലെ തെരുവ്നായ പ്രശ്നത്തിൽ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യാതെ കേസ് പരിഗണിച്ച പുതിയ സുപ്രീംകോടതി ബെഞ്ച്. കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി. ഡൽഹി മേഖലയിലെ മുഴുവൻ തെരുവ്നായ്ക്കളേയും ഷെൽറ്റർ ഹോമിലേക്ക് മാറ്റണമെന്നായിരുന്നു സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ പ്രതിഷേധം ഉയരുകയും മുൻ ഉത്തരവുകളുടെ ലംഘനമാണെന്ന് അഭിഭാഷകർ ചീഫ് ജസ്റ്റിസിനെ മുമ്പാകെയും അറിയിക്കുകയും ചെയ്തതിന് പിന്നാലെ കേസ് പുതിയ ബെഞ്ചിന് കൈമാറുകയായിരുന്നു.

പാർലമെന്റ് നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുന്നുണ്ട്. എന്നാൽ, പ്രാദേശിക ഭരണകൂടങ്ങൾ അത് നടപ്പാക്കാൻ വേണ്ടി ഒന്നും ചെയ്യുന്നില്ല. അവർ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി അൻജാരിയ എന്നിവരുൾപ്പെട്ട മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.

ഡൽഹിയിലെ എല്ലാ തെരുവ് നായ്ക്കളെയും എട്ട് ആഴ്ചയ്ക്കുള്ളിൽ പിടികൂടി ബന്ധപ്പെട്ട അധികാരികൾ സ്ഥാപിക്കുന്ന പ്രത്യേക ഷെൽട്ടറുകളിൽ പാർപ്പിക്കാൻ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. ഒരിക്കൽ ഷെൽട്ടറിൽ പാർപ്പിച്ച തെരുവ് നായയെ വീണ്ടും തെരുവിലേക്ക് വിടരുതെന്നും കോടതി ഉത്തരവിട്ടു.

പൊതു ഇടങ്ങളിൽ നിന്ന് നായ്ക്കളെ നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട്, നിശ്ചിത സമയപരിധിക്കുള്ളിൽ മതിയായ ഷെൽട്ടർ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് മുനിസിപ്പൽ സ്ഥാപനങ്ങളോടും മറ്റ് ഏജൻസികളോടും ഏകോപിപ്പിച്ച് പ്രവർത്തിക്കാനും കോടതി ഉത്തരവിട്ടു.

നായ്ക്കളുടെ കടിയേറ്റതിനെ തുടർന്ന് പേവിഷബാധയുണ്ടായ സംഭവങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടിനെത്തുടർന്ന് സുപ്രീംകോടതി കഴിഞ്ഞ മാസം സ്വമേധയാ കേസെടുത്തിരുന്നു.

Tags:    
News Summary - Rules made but not implemented: In stray dogs case, top court raps civic bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.