ന്യൂഡൽഹി: രാജ്യത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം 7,000 കടന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നവർ ആർ.ടി-പി.സി.ആർ ടെസ്റ്റ് നടത്തണമെന്ന് നിർദേശിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഡൽഹി മുഖ്യമന്ത്രിയും ഡൽഹിയിലെ ഏഴ് എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെ എഴുപതോളം ബി.ജെ.പി പ്രവർത്തകരാണ് ഇന്ന് വൈകിട്ട് മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇതിനു മുന്നോടിയായി ആർ.ടി-പി.സി.ആർ ടെസ്റ്റ് നടത്തണമെന്നാണ് നിർദേശം.
കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം കൂടുതൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ പുതിയതായി 306 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ മൂന്നും മഹാരാഷ്ട്രയിൽ ഒന്നും കർണാടകയിൽ രണ്ടും കോവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റിവായ കേസുകളിൽ 170 എണ്ണം കേരളത്തിലാണ്. ഗുജറാത്തിൽ 114 കേസുകളും കർണാടകയിൽ 100 കേസുകളും പുതുതായി റിപ്പോർട്ട് ചെയ്തു. ഇന്നലെ 66 പുതിയ കേസുകൾ കൂടി വന്നതോടെ ഡൽഹിയിലെ ആകെ രോഗബാധിതരുടെ എണ്ണം 757 ആയി.
രാജ്യത്തെ ആശുപത്രികളോട് തയാറെടുപ്പുകൾ നടത്താൻ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ഓക്സിജൻ ലഭ്യത ഉറപ്പാക്കാനും ഐസൊലേഷൻ ബെഡുകൾ, വെന്‍റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവ ആവശ്യാനുസരണം തയാറാക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശമുണ്ട്. എന്നാൽ കോവിഡ് കേസുകളുടെ എണ്ണം കൂടിയെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതരുടെ പ്രതികരണം. നേരിയ ശതമാനം ആളുകളിൽ മാത്രമാണ് കാര്യമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത്. എന്നിരുന്നാലും കരുതൽ വേണമെന്നും അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.