ആർ.എസ്.എസ് പ്രവർത്തകന്റെ കൊല: സി.പി.എമ്മുകാരന്റെ ജീവപര്യന്തം ഏഴു വർഷമാക്കി കുറച്ചു

ന്യൂഡൽഹി: തൃശൂർ മുല്ലശ്ശേരിയിൽ ആർ.എസ്.എസ് പ്രവർത്തകൻ ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം പ്രവർത്തകൻ വിഷ്ണുവിന്റെ ജീവപര്യന്തം തടവ് ഏഴുവർഷമാക്കി കുറച്ച കേരള ഹൈകോടതി വിധി സുപ്രീംകോടതി ശരിവെച്ചു.  ഹൈകോടതി വിധി ചോദ്യം ചെയ്ത് ഷാരോണിന്റെ അമ്മ ഉഷാ മോഹനൻ സമർപ്പിച്ച ഹരജി ജസ്റ്റിസുമാരായ വിക്രംനാഥ്, അഹ്സാനുദ്ധീൻ അമാനുല്ല എന്നിവരടങ്ങുന്ന ബെഞ്ച് തള്ളി.

പ്രതിയായ വിഷ്ണുവിനും സംസ്ഥാന സർക്കാറിനും 2019ൽ നോട്ടീസ് അയച്ച സുപ്രീംകോടതി നാലു വർഷത്തിന് ശേഷം തിങ്കളാഴ്ചയാണ് കേസ് പരിഗണിച്ചത്. കേസിൽ പ്രതികളായ അഞ്ച് പേർക്കെതിരെയും ചുമത്താത്ത 302ാം വകുപ്പ് വിഷ്ണുവിനെതിരെ മാത്രം ചുമത്തിയത് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ എം.ആർ അഭിലാഷ് ചോദ്യം ചെയ്തു.

കൊലപാതകം ചെയ്യാനുള്ള പ്രത്യേക ലക്ഷ്യമോ ഉദ്ദേശ്യമോ പ്രതിക്കെതിരെ ചുമത്തിയിട്ടില്ലെന്നും ആകെ കൂടി ആരോപിച്ചത് രാഷ്ട്രീയ വൈരാഗ്യം മാത്രമാണെന്നും അദ്ദേഹം ബോധിപ്പിച്ചു. കൊല്ലപ്പെട്ട ഷാരോണും ഒന്നാം സാക്ഷിയും ആർ.എസ്.എസുകാരാണ്. ഇരുവരും യാത്ര ചെയ്യുമ്പോഴാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. പ്രോസിക്യൂഷൻ വാദം ശരിയെങ്കിൽ രാഷ്ട്രീയ വൈരാഗ്യം മൂലം ഇരുവരെയും കൊലപ്പെടുത്തേണ്ടതായിരുന്നു. എന്നാൽ ഒന്നാം സാക്ഷിക്ക് ഒന്നും സംഭവിക്കാത്തതിനാൽ പ്രോസിക്യൂഷൻ വാദം നിലനിൽക്കില്ലെന്നും രാഷ്ട്രീയ തർക്കത്തിനിടയിൽ നടത്തിയ കുറ്റകൃത്യത്തിൽ സംഭവിച്ച മരണമാണെന്നും അഡ്വ. അഭിലാഷ് വാദിച്ചു. ഈ വാദം അംഗീകരിച്ച സുപ്രീംകോടതി വിഷ്ണുവിന്റെ ശിക്ഷ ജീവപര്യന്തമാക്കണമെന്ന ഷാരോണിന്റെ അമ്മയുടെ ഹരജി തള്ളുകയായിരുന്നു.

Tags:    
News Summary - RSS worker sharon murder: life sentence reduced to seven years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.