ന്യൂഡൽഹി: തെരഞ്ഞെടുപ്പിലെ മോശം പ്രകടനം ബി.ജെ.പി നേതാക്കളുടെ അഹങ്കാരകൊണ്ടുണ്ടായതാണെന്ന പ്രസ്താവനയിൽ യുടേണടിച്ച് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ആർ.എസ്.എസ് നേതൃത്വം ഇടപ്പെട്ടാണ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന തിരുത്തിച്ചതെന്നാണ് സൂചന. വെള്ളിയാഴ്ചയാണ് മുൻ പ്രതികരണത്തിൽ നിന്നും മലക്കംമറിഞ്ഞ് ബി.ജെ.പിയെ പുകഴ്ത്തിയുള്ള പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്.
രാമനെ എതിർത്തവരാണ് ഇപ്പോൾ അധികാരത്തിൽ നിന്നും പുറത്ത് പോയിരിക്കുന്നതെന്നാണ് ഇന്ദ്രേഷ് കുമാറിന്റെ പുതിയ പ്രതികരണം. ജനങ്ങൾക്ക് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസം കൊണ്ടാണ് അദ്ദേഹത്തിന് മൂന്നാമതും സർക്കാർ രുപീകരിക്കാൻ കഴിഞ്ഞതെന്നും ഇന്ദ്രഷ് കുമാർ പറഞ്ഞു. രാവെന്നോ പകലെന്നോ ഇല്ലാതെ എല്ലാ ദിവസവും രാജ്യത്തിനായി പ്രവർത്തിക്കുന്നയാളാണ് മോദി. കൂടുതൽ നേട്ടങ്ങൾ മോദി സ്വന്തമാക്കുമെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇന്ദ്രേഷ് കുമാറിന്റെ വിവാദ പ്രസ്താവന പുറത്ത് വന്നത്. അഹങ്കാരം മൂലമാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടനം മോശമായതെന്നായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന. ഭഗവാൻ രാമന്റെ ഭക്തർ പതുക്കെ അഹങ്കാരികളായി മാറി. അവർ ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയായി മാറി. പക്ഷേ അഹങ്കാരം മൂലം രാമൻ അവരെ 241ൽ നിർത്തിയെന്ന് ഇന്ദ്രേഷ് കുമാർ പറഞ്ഞു. പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യം രാമവിരുദ്ധരായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
പ്രതിപക്ഷത്തിന്റെ പേര് നേരിട്ട് പറയാതെയായിരുന്നു അദ്ദേഹം ഇൻഡ്യ സഖ്യത്തിനെതിരെ വിമർശനം ഉന്നയിച്ചത്. രാമനിൽ വിശ്വാസമില്ലാത്തവരെ ഭഗവാൻ 234ൽ നിർത്തി. ദൈവത്തിന്റെ നീതി സത്യമുള്ളതും എല്ലാവരേയും സന്തോഷിപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 241 സീറ്റും പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിക്ക് 234 സീറ്റുമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.