മഥുര: ഉത്തർപ്രദേശിൽ നടുറോഡിൽ പൊലീസിനെ വളഞ്ഞിട്ട് മർദിച്ച് ആർ.എസ്.എസ് പ്രവർത്തകർ. വൃന്ദാവനിലെ കുംഭ് പ്രദേശത്താണ് സംഭവം. പ്രചാരകിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദനം. പൊലീസുകാരെ നടുറോഡിലിട്ട് തല്ലുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
കുംഭമേള നടക്കുന്നതിനിടെ യമുന നദിയിൽ കുളിച്ചുകൊണ്ടിരുന്ന ആർ.എസ്.എസ് ജില്ല പ്രചാരക് മനോജ് കുമാറിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ചില പൊലീസുകാരുമായി തർക്കമുണ്ടാകുകയായിരുന്നു. ഇതാണ് അക്രമത്തിൽ കലാശിച്ചത്. എസ്.ഐക്കും നാലു പൊലീസുകാർക്കുമായിരുന്നു മർദനം.
യമുന നദിയിൽ കുളിച്ചതിന് ശേഷം മനോജ് കുമാർ നദി കുറുകെ കടക്കാൻ ശ്രമിച്ചത് പൊലീസുകാർ തടഞ്ഞു. നദിയിലേക്ക് ഇറങ്ങരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് പൊലീസുകാരെ ആർ.എസ്.എസുകാർ വളഞ്ഞു. എസ്.ഐയെയും പൊലീസുകാരെയും മർദിക്കുന്നതും ഹെൽമറ്റ് കൊണ്ട് അടിക്കുന്നതും വിഡിയോയിൽ കാണാം.
സംഘർഷത്തെ കുറിച്ച് അറിഞ്ഞതോടെ കൂടുതൽ ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകർ സ്ഥലത്തെത്തി. കോട്ട്വാലി പ്രദേശത്ത് തടിച്ചുകൂടിയവർ പൊലീസുകാർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഭീഷണി മുഴക്കുകയുമായിരുന്നു. ഇതോടെ ജില്ല മജിസ്ട്രേറ്റും എസ്.എസ്.പിയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഗോകുൽ എം.എൽ.എ പുരാൻ പ്രകാശും സ്ഥലത്തെത്തി.
പ്രചാരകിനോട് മോശമായി പെരുമാറിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. പൊലീസുകാരെ ആക്രമിച്ച മനോജ് കുമാറിന്‍റെ സഹായിയെ അറസ്റ്റ് ചെയ്തു.
സംഭവത്തിൽ നാലുപൊലീസുകാർക്കെതിരെ കേസെടുക്കുകയും ചെയ്തു. കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ മഥുര എസ്.എസ്.പി രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ഹോം ഗാർഡിനെതിരെ നടപടിയെടുക്കുകയും ചെയ്തു. വൃന്ദാവൻ കോട്വാലി പൊലീസ് സ്റ്റേഷൻ ചാർജുണ്ടായിരുന്ന അനുജ് കുമാറിന് സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തു. അക്രമം അരങ്ങേറിയതോടെ ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരെ പിരിച്ചുവിടാൻ ലാത്തിചാർജ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.