ഉത്തര ഗോവയിലെ റോമിയോ നിശാക്ലബിൽ തീ പടർന്നപ്പോൾ
പനാജി: ഗോവയിൽ നിശാ ക്ലബിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് വിനോദ സഞ്ചാരികളടക്കം 25 പേർ മരിച്ച സംഭവത്തിൽ നടപടികൾ കടുപ്പിച്ച് സർക്കാർ. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നിശാക്ലബുകളുടെ പ്രവർത്തനത്തിന് കടിഞ്ഞാണിട്ട സർക്കാർ അഗ്നിദുരന്തമുണ്ടായ ക്ലബിലെ ഒരു ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഉത്തര ഗോവയിലെ റോമിയോ നിശാക്ലബിലാണ് ഞായറാഴ്ച പുലർച്ചെ അഗ്നിബാധയുണ്ടായത്. അനധികൃത നിർമാണത്തിന്റെ പേരിൽ പഞ്ചായത്ത് പൊളിക്കാൻ ഉത്തരവിട്ട കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സമാന രീതിയിൽ പ്രവർത്തിക്കുന്ന രണ്ട് നിശാ ക്ലബുകൾ തിങ്കളാഴ്ച അധികൃതർ പൂട്ടിച്ചു. ഇവ രണ്ടും റോമിയോ ക്ലബിന്റെ തന്നെ ഉടമസ്ഥതയിലുള്ളതാണ്. അതിനിടെ, പൊലീസ് അന്വേഷണം ഡൽഹിയിലേക്കും വ്യാപിച്ചിട്ടുണ്ട്. ക്ലബിന്റെ പ്രമോട്ടർമാർ ഡൽഹി കേന്ദ്രീകരിച്ചുള്ളവരാണ്. ഇവർക്കായുള്ള തിരച്ചിലിനിടെയാണ് ക്ലബ് ജീവനക്കാരനായ ഭാരത് കോഹ്‍ലി എന്നയാൾ പിടിയിലായത്. നേരത്തെ, ക്ലബ് ഉടമയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇലക്ട്രിക് കരിമരുന്ന് പ്രയോഗം നടത്തിയതാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമികാന്വേഷണം നൽകുന്ന സൂചനയെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ക്ലബിൽ അഗ്നിസുരക്ഷാ ക്രമീകരണങ്ങളുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.