നാഗ്പുർ: ജാതി സെൻസസിൽ ആർ.എസ്.എസിൽ ഭിന്നസ്വരം. ജാതി സെൻസസ് നിരർഥകമായ കാര്യമാണെന്നും രാജ്യതാൽപര്യത്തിന് ചേർന്നതല്ലെന്നും കഴിഞ്ഞ ദിവസം ആർ.എസ്.എസ് വിദർഭ മേഖല സഹസംഘ്ചാലക് ശ്രീധർ ഗാഡ്ഗെ പറഞ്ഞിരുന്നു.
എന്നാൽ, ജാതി സെൻസസ് സമൂഹത്തിന്റെ സമഗ്ര വികസനത്തിന് ഉപയോഗപ്പെടുത്തണമെന്നും പക്ഷേ, സാമൂഹിക സൗഹാർദത്തിനും ഐക്യത്തിനും കോട്ടമുണ്ടാക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും ആർ.എസ്.എസ് അഖിൽ ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേദ്കർ വ്യാഴാഴ്ച വ്യക്തമാക്കി.
ഐക്യത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ വിവേചനമില്ലാത്ത ഹിന്ദുസമൂഹത്തിനുവേണ്ടിയാണ് സംഘടന നിരന്തരം പരിശ്രമിക്കുന്നത്. ചരിത്രപരമായ കാരണങ്ങളാൽ സമൂഹത്തിലെ പല വിഭാഗങ്ങളും സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമാണെന്നത് സത്യമാണ്.
ഈ വിഭാഗങ്ങളുടെ ഉന്നമനത്തിന് വിവിധ സർക്കാറുകൾ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനെ ആർ.എസ്.എസ് പൂർണമായി പിന്തുണക്കുന്നുവെന്നും സുനിൽ അംബേദ്കർ കൂട്ടിച്ചേർത്തു. അതേസമയം, ജാതി സർവേ വേണ്ടെന്നും എന്നാൽ, സംവരണത്തെ ആർ.എസ്.എസ് പിന്തുണക്കുമെന്നും ശ്രീധർ ഗാഡ്ഗെ വ്യക്തമാക്കി.
വിവിധ ജാതികളുടെ വിവരങ്ങൾ ലഭിക്കുമെന്നതിനാൽ ജാതി സെൻസസ് ചിലർക്ക് രാഷ്ട്രീയമായി ഗുണംചെയ്തേക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജാതി സെൻസസ് വലിയ പ്രചാരണ വിഷയമായിരുന്നു. ജാതി സെൻസസ് നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതിനെ തുടർന്ന് ബി.ജെ.പി പ്രതിരോധത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.