ഡിജിറ്റൽ ഇടപാടുകൾക്ക് 340 കോടിയുടെ ലക്കി ഒാഫറുകളുമായി കേന്ദ്രം

ന്യൂഡല്‍ഹി: പണഞെരുക്കത്തിനിടയില്‍ വ്യാപാരികളെയും ഉപയോക്താക്കളെയും ഡിജിറ്റല്‍ പണമിടപാടിലേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ 340 കോടി രൂപയുടെ ഭാഗ്യക്കുറി പദ്ധതി പ്രഖ്യാപിച്ചു. ഡിജിറ്റല്‍ പണമിടപാടു നടത്തുന്നവരെ ഉള്‍പ്പെടുത്തി നറുക്കെടുപ്പിലൂടെ പാരിതോഷികം നല്‍കുന്നതാണ് പദ്ധതി.
ക്രിസ്മസും മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ജന്മദിനവുമായ ഡിസംബര്‍ 25 മുതല്‍ അംബേദ്കര്‍ ജന്മദിനമായ ഏപ്രില്‍ 14 വരെയുള്ള കാലയളവിലേക്കാണ് ലോട്ടറി. 50 രൂപ മുതല്‍ 3,000 രൂപ വരെയുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നവരില്‍നിന്നാണ് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്നതെന്ന് നിതി ആയോഗ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അമിതാഭ് കാന്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഡിജിറ്റല്‍ പണമിടപാടിലേക്ക് തിരിയുന്നതിന് പെട്രോള്‍, ഡീസല്‍, ഇന്‍ഷുറന്‍സ് ഡിസ്കൗണ്ട്, ട്രെയിന്‍യാത്ര ഇന്‍ഷുറന്‍സ് തുടങ്ങിയ 11 ഇന പാക്കേജ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചതിനു പുറമെയാണ് ഇപ്പോഴത്തെ സമ്മാനപദ്ധതി. ‘ലക്കി ഗ്രാഹക് യോജന’യെന്ന ഉപഭോക്താക്കളുടെ ഗണത്തില്‍ ഓരോ ദിവസവും നറുക്കെടുപ്പുണ്ട്. 15,000 വിജയികള്‍ക്ക് 1,000 രൂപ വീതം സമ്മാനിക്കും. 100 ദിവസം നീളുന്ന പ്രതിദിന പ്രോത്സാഹനത്തിന്‍െറ ആദ്യ നറുക്കെടുപ്പ് ഡിസംബര്‍ 25ന്. ഇതിനു പുറമെ പ്രതിവാര നറുക്കെടുപ്പിലൂടെ 7,000 പേരെ കണ്ടത്തെി ലക്ഷം രൂപ വീതം സമ്മാനം നല്‍കും. വ്യാപാരികള്‍ക്കു വേണ്ടിയുള്ള ‘ഡിജി ധന്‍ വ്യാപാരി യോജന’ പ്രകാരം പ്രതിവാരം 7,000 പേരെ തെരഞ്ഞെടുത്ത് 50,000 രൂപ വീതം നല്‍കും.

പ്രോത്സാഹന പദ്ധതി അവസാനിക്കുന്ന ദിവസം ഉപയോക്താക്കള്‍ക്കു വേണ്ടി മെഗാ സമ്മാനവും നല്‍കും. ആദ്യ വിജയിക്ക് ഒരു കോടി രൂപ, രണ്ടാം സമ്മാനം നേടുന്നയാള്‍ക്ക് 50 ലക്ഷം; മൂന്നാം സ്ഥാനക്കാരന് 25 ലക്ഷം. വ്യാപാരികളുടെ വിഭാഗത്തിലെ മെഗാ നറുക്കെടുപ്പിലെ വിജയിക്ക് യഥാക്രമം 50 ലക്ഷം, 25 ലക്ഷം, അഞ്ചു ലക്ഷം രൂപയാണ് ലഭിക്കുക.

പേടി.എം, ജിയോ മണി തുടങ്ങിയ സ്വകാര്യ കമ്പനികളുടെ ഇ-വാലറ്റ്, സ്വകാര്യ ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ വഴിയുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല. റൂപെ കാര്‍ഡ്, സംയോജിത പണമിടപാട് സംവിധാനമായ യു.പി.ഐ, യു.എസ്.എസ്.ഡി, ആധാര്‍ബന്ധിത ഡിജിറ്റല്‍ പണമിടപാടുകള്‍ എന്നിവയെയാണ് ഭാഗ്യസമ്മാനത്തിന് പരിഗണിക്കുകയെന്ന് അമിതാഭ് കാന്ത് വിശദീകരിച്ചു. വ്യക്തികള്‍ തമ്മിലെ ഡിജിറ്റല്‍ പണമിടപാടും പരിഗണിക്കില്ല.

Tags:    
News Summary - Rs 340 cr in Lucky Draws For Consumers, Merchants Using Digital Payments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.