ബെംഗലൂരു: ജീവനക്കാർ ട്രാഫിക് ബ്ലോക്കിൽ പെട്ടതുകാരണം ബെംഗലൂരുവിലെ ഐ.ടി കമ്പനികൾക്ക് നഷ്ടമായത് 225 കോടി രൂപ. ഇക്കഴിഞ്ഞ ആഗസ്റ്റ് 30നാണ് സംഭവം. അഞ്ചുമണിക്കൂറാണ് ജീവനക്കാർ ഗതാഗതക്കുരുക്കിൽ പെട്ട് വലഞ്ഞത്. ഇതു സംബന്ധിച്ച് ഔട്ടർ റിങ് റോഡ് കമ്പനീസ് അസോസിയേഷൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തെഴുതിയിട്ടുണ്ട്. ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ഒരു ശ്രമവും നടക്കുന്നില്ലെന്നും കത്തിൽസൂചിപ്പിക്കുന്നുണ്ട്.
കൃഷ്ണരാജപുരം മുതൽ ബെംഗലൂരുവിലെ സെൻട്രൽ സിൽക്ക് ബോർഡ് ഏരിയ വരെയുള്ള ഔട്ടർ റിങ് റോഡിനോടനുബന്ധിച്ചുള്ള വിവിധ കേന്ദ്രങ്ങളിലായി അരലക്ഷത്തിലേറെ ആളുകൾ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
17 കിലോമീറ്റർ ദൂരത്തിലുള്ള ഈ മേഖല 10 ലക്ഷത്തിലേറെ ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകുകയും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുകയും ചെയ്യുന്നു. എന്നിട്ടും ഈ പ്രത്യേക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തത് ആശങ്കയുണ്ടാക്കുന്നതാണെന്നും അസോസിയേഷൻ കത്തിൽ സൂചിപ്പിച്ചു.
ബെംഗലൂരുവിലെ അടിസ്ഥാന സൗകര്യങ്ങളുടെ സമീപകാല തകർച്ച ഇപ്പോൾ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും കത്തിൽ പറയുന്നുണ്ട്. ഇക്കാര്യത്തിൽ പരിഹാരം കാണാത്തത് മൂലം കമ്പനികൾ ബദൽ കേന്ദ്രങ്ങൾ തേടുമെന്നും അസോസിയേഷന് ഭയമുണ്ട്. നേരത്തേ ഔട്ടർ റിങ് റോഡ് ഭാഗത്തെ വെള്ളപ്പൊക്ക ബാധിത മേഖലകൾ ബൊമ്മൈ സന്ദർശിച്ചിരുന്നു. എല്ലാ പ്രശ്നങ്ങളും ഉടൻ പരിഹരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.