ഗുജറാത്തിലെ സർക്കാർ ഡെന്റൽ കോളജിൽ 1.36 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; ജീവനക്കാരൻ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗർ ഗവൺമെന്റ് ഡെന്റൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ 1.36 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി. ആശുപത്രിയുടെ രോഗിക്ഷേമ സമിതി ഫണ്ടിൽനിന്ന് കരാർ ജീവനക്കാരനായ ശോഭിത് ഗാർഗ് 1.36 കോടിയിലധികം രൂപ തട്ടിയെടുക്കുകയായിരുന്നു.

ദേശീയ ആരോഗ്യ മിഷന് കീഴിൽ നിയമിതനായ ഇയാൾ ബാങ്ക് ചെക്കുകളിൽ ​കൃത്രിമം കാണിച്ച് ഫണ്ട് നേരിട്ട് സ്വന്തം അക്കൗണ്ടി​ലേക്ക് മാറ്റിയതായാണ് കണ്ടെത്തൽ. സംഭവത്തിൽ കേസെടുത്ത പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞ ആറുമാസത്തോളം ഇയാൾ പണം തട്ടിയെടുത്തതായാണ് വിവരം. വിവിധ വകുപ്പുകളിലെ ചെലവുകൾക്കായി രോഗിക്ഷേമ സമിതി പതിവായി ചെക്കുകൾ നൽകിയിരുന്നു. ഈ ചെക്കുകളിൽ ക്ലിയറിങ് ഓഫിസർമാരുടെ ഒപ്പ് വാങ്ങുകയും തുടർന്ന് സ്വന്തം അക്കൗണ്ടി​ലേക്ക് പണം മാറ്റുന്നതിനായി സ്വീകർത്താവിന്റെ പേരും വിശദാംശങ്ങളും മാറ്റുകയായിരുന്നു. ഇത്തരത്തിൽ 15 ചെക്കുകളിൽ കൃത്രിമം കാണിച്ചതായും 1,36,19,350 രൂപ തട്ടിയെടുത്തതായും സ്ഥിരീകരിച്ചു.

ആശുപത്രിയുടെ ഇന്റേണൽ ഓഡിറ്റിങ്ങിനിടെയാണ് സാമ്പത്തിക രേഖകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തുന്നത്. സംഭവത്തിൽ ഡെന്റൽ കോളജ് ഡീൻ ഡോ. നയനബെൻ പ്രാഥമിക ​അ​ന്വേഷണം നടത്തുകയും തട്ടിപ്പ് വെളിപ്പെട്ടതിനെ തുടർന്ന് പൊലീസിനെ സമീപിക്കുകയുമായിരുന്നു.

വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജാംനഗർ ​പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഗാർഗിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് ക​ണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നതായും പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - Rs 1.36 Crore Scam At Jamnagar Dental College Employee Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.